മട്ടാഞ്ചേരി: ഭാരതത്തില്‍ ഡിജിറ്റല്‍ സെന്‍സസ് മുന്നൊരുക്ക പരീക്ഷണവുമായി ജനസംഖ്യ വിവരശേഖരണത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. അത്യാധുനിക സംവിധാനത്തോടെ വികസന കുതിപ്പുമായി ഡിജിറ്റല്‍ വിവരശേഖരണമാണ് ഭാരതത്തിലെ ഏട്ടാമത് സെന്‍സസ് നടത്തുന്നത്. ഇതിനായി മൊബൈല്‍ ആപ്പും സ്വയം വിവരം നല്കല്‍(സെല്‍ഫ് എന്റോള്‍മെന്റ്) സിസ്റ്റവും തയ്യാറായി. ഇതിന്റെ പ്രായോഗിക പരിശീലനം, സാങ്കേതിക പരിജ്ഞാനം, ഡാറ്റാ ശേഖരണം തുടങ്ങി വിവിധതല പ്രവര്‍ത്തനമാണ് ഡിജിറ്റല്‍ സെന്‍സസ് പ്രീ- ടെസ്റ്റില്‍ നടക്കുക.
സംസ്ഥാനത്ത് ആദ്യ പ്രീ- ടെസ്റ്റിനാണ് കൊച്ചിയില്‍ തുടക്കം കുറിച്ചത്. 30 വരെയാണ് പ്രീ ടെസ്റ്റ്. കൊച്ചി നഗരസഭയിലെ ഒന്നു മുതല്‍ നാലുവരെയുള്ള ഡിവിഷനുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ കളക്ടറെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായും കൊച്ചി നഗരസഭ സെക്രട്ടറിയെ ചാര്‍ജ് ഓഫീസറായും നിയമിച്ചു. 2026 ഏപ്രില്‍, 2027 മാര്‍ച്ച് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് ജനസംഖ്യാ വിവരശേഖരണം നടക്കുക. വീടുകളുടെ വിവരശേഖരണം, ജിയോ ടാഗ് ചെയ്യുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടം, വ്യക്തിഗത വിവരശേഖരണമാണ് രണ്ടാം ഘട്ടം. 1951ല്‍ തുടങ്ങി ഓരോ പത്ത് വര്‍ഷം ഇടവേളയില്‍ നടക്കുന്ന സെന്‍സസിന്റെ എട്ടാം ഘട്ടമാണിത്. 2021ല്‍ നടക്കേണ്ട സെന്‍സസ് മഹാമാരിയെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
ഡിജിറ്റല്‍ സെന്‍സസിനായി പ്രത്യേകം രൂപകല്പന ചെയ്ത മൊബൈല്‍ അപ്ലീക്കേഷന്‍, ഏകീകരണ പോര്‍ട്ടലായ സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിറ്ററിങ് സിസ്റ്റം(സിഎംഎംഎസ്) എന്നിവ തയ്യാറായി. ഇതിന്റെ പ്രായോഗിക പരിശീലനവും നടന്നു. ആപ്പുകളുടെ പ്രായോഗിക സാങ്കേതിക പരീക്ഷണമാണ് പ്രീ ടെസ്റ്റ് ഡിജിറ്റല്‍ സെന്‍സസിലൂടെ നടക്കുക. സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ കണ്ടെത്തുക, വിവരശേഖരണ ഡാറ്റാ പ്രവര്‍ത്തനക്ഷമത, ജിയോ ടാഗ് അവതരണ പ്രയോഗ രീതി, നിരീക്ഷണം ഏകോപനം തുടങ്ങി വിവിധതലങ്ങളിലെ ശേഖരണം കറക്ഷന്‍ എന്നിവയാണ് പ്രീ- ടെസ്റ്റ് ലക്ഷ്യമിടുന്നത്.
















