തിരുവനന്തപുരം: വന്ദേഭാരതിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത്. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്‌ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിമർശനമുന്നയിച്ചു. കുട്ടികൾ അവർക്ക് ഇഷ്ട്ടുള്ള ദേശഭക്തി ഗാനം പാടിയതാണോ പ്രശ്നമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അപലപിക്കാൻ സംസ്ഥാന സർക്കാരിൽ തന്നെ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ എന്നും എക്‌സിൽ രാജീവ് ചന്ദ്രശേഖർ കുറിച്ചു.
















