എസ്‌കെകെ
ആരംഭകാലങ്ങളില്‍ മനുഷ്യര്‍ ആര്‍ജ്ജിച്ച അറിവുകള്‍ വാമൊഴിയായി കൈമാറുകയായിരുന്നു. സൂപ്പര്‍ കംപ്യൂട്ടറുകളെപ്പോലെ, എന്തും മസ്തിഷ്‌കത്തില്‍ മായാതെ സൂക്ഷിച്ചുവെക്കാനുള്ള പ്രത്യേക സിദ്ധി അന്നത്തെ മനുഷ്യര്‍ക്കുണ്ടായിരുന്നു. കാലം മുന്നേറവേ ഭാഷയില്‍ ലിപികള്‍ പ്രചാരത്തില്‍ വരുകയും അറിവുകള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. ഉണങ്ങിയ ഇലകള്‍, മൃദുവും മിനുസവുമാര്‍ന്ന ശിലാപാളികള്‍, തടി, തുണി എന്നിവയിലും പനയോലയിലും ആയിരുന്നു ആദ്യകാല അറിവു കുറിക്കലുകളെല്ലാം. പിന്നേയും നൂറ്റുണ്ടുകള്‍ നിരവധി കഴിഞ്ഞശേഷമാണ് കടലാസും അച്ചടിയും ഇന്നു കാണുന്ന പുസ്തകങ്ങളും പ്രചാരത്തിലായത്.
ദക്ഷിണ ഭാരതത്തില്‍ കരിമ്പനകള്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ പനയോലയാണ് അറിവെഴുത്തിനു പ്രധാനമായും ഉപയോഗിച്ചത്. പ്രത്യേക രീതിയില്‍ പരുവപ്പെടുത്തിയാണ് ഈ ഓലകള്‍ എഴുത്തിന് ഉപയോഗിച്ചിരുന്നത്. പാലും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍, മുറിച്ചെടുത്ത താളിയോലകള്‍ പലതവണ പുഴുങ്ങി ഉണക്കിയെടുക്കും. പിന്നീട് കവടി കൊണ്ട് ഉരസി മൃദുവാക്കും. അതിനുശേഷമാണ് ഇവയില്‍ നാരായമുനകൊണ്ട് എഴുതുക. സംസ്‌കരിച്ചെടുത്ത ഓല ആയതിനാല്‍ ഇവ കാലങ്ങളോളം കേടുകൂടാതെ നിനില്‍ക്കും.
ഇരുവശത്തും സുഷിരമിട്ട ഓലകള്‍ക്കു താഴെയും മുകളിലും പലക വെച്ച് ചരടിട്ടു കെട്ടിയാണ് താളിയോലകള്‍ സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഇവയ്‌ക്ക് ഗ്രന്ഥം എന്ന പേരുവന്നതും. (ഗ്രന്ഥേന ഇതി ഗ്രന്ഥഃ) ഉത്തരേന്ത്യയില്‍ മഷി കൊണ്ട് ഓലയില്‍ എഴുതിയിരുന്നു. നാരായം കൊണ്ട് എഴുതിയിരുന്ന കേരളത്തില്‍ അക്ഷര വ്യക്തതയ്‌ക്കു മരക്കരിയോ വിളക്കുകരിയോ ഓലയില്‍ പുരട്ടുമായിരുന്നു.
ഹിമാലയത്തില്‍ കാണുന്ന ഭൂര്‍ജവൃക്ഷത്തിന്റെ ഉള്‍ത്തൊലിയും എഴുത്തിന് ഉപയോഗിച്ചിരുന്നു ഇതാണ് ഭൂര്‍ജപത്രം (ആശൃരവയമൃസ). പെട്ടന്നു പൊടിഞ്ഞു പോകുമെന്നതിനാല്‍ ഇതില്‍ മഷികൊണ്ടായിരുന്നു എഴുത്ത്. താളിയോല പോലെ ഭൂര്‍ജപത്രങ്ങളും ഒരുമിച്ചു ുകെട്ടിയാണ് സൂക്ഷിച്ചിരുന്നത്. പൊടിഞ്ഞുപോകുമെന്നതിനാല്‍ ഇവ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നതും. ഉത്തരഭാരതത്തില്‍ വ്യാപകമായി ഭൂര്‍ജപത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. കടലാസ് പ്രചാരത്തിലായതോടെ ഭൂര്‍ജപത്രത്തിന്റെയും താളിയോലയുടെയും ഉപയോഗം ഇല്ലാതായി.
താളിയോലകള്‍ എന്നു മുതല്‍ എഴുത്തു മാധ്യമമായി ഉപയോഗിച്ചു എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ബി.സി. 5-ാം നൂറ്റാണ്ടില്‍ താളിയോലകള്‍ ഉപയോഗിച്ചിരുന്നതിനു തെളിവുകളുണ്ട്. താളിയോലകള്‍ ഗ്രന്ഥം, ചുരുണ എന്നിങ്ങനെ രണ്ടു വിധമുണ്ട്. വലിയ താളിയോലക്കെട്ടുകളാണ് ചുരുണ’. ഗ്രന്ഥത്തിലേക്കാള്‍ കൂടുതല്‍ ഓലകളും ചുരുണയില്‍ ഉണ്ടാവും.
മഹത്തായ ബൗദ്ധിക പാരമ്പര്യമുണ്ട് പൗരാണിക ഭാരതത്തിന്. നിരവധി വിഷയങ്ങള്‍ പ്രതിപാദിക്കുന്ന താളിയോലകള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. ഇവയില്‍ പലതും കടല്‍കടന്നുപോയതോടെ ആ മേഖലകളിലെ അമൂല്യമായ അറിവുകളും നമുക്ക് നഷ്ടമായി. എങ്കിലും കല, ജ്യോതിഷം, തത്ത്വചിന്ത, വൈദ്യം, ശില്‍പവിദ്യ, സാങ്കേതിക വിദ്യ, വാസ്തു ശാസ്ത്രം തുടങ്ങിയവ സംബന്ധിച്ച ഒട്ടേറെ താളിയോലകള്‍ കേരളത്തിലെ പല പ്രമുഖ തറവാടുകളിലും ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ബ്രാഹ്‌മി, ഗ്രന്ഥ, നന്ദിനാഗരി, ദേവനാഗരി, തമിഴ്, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ എന്നീ ലിപികളില്‍ എഴുതിയ ഒട്ടേറെ താളിയോലകള്‍ ഭാരതത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു.
ആയുര്‍വ്വേദം സഹസ്രാബ്ദങ്ങളിലൂടെ ഇന്നും മികച്ച ചികിത്സാശാസ്ത്രമായി നിലനില്‍ക്കുന്നതിനു കാരണം താളിയോല ഗ്രന്ഥങ്ങളാണെന്നു പറയേണ്ടിവരും. കേരളീയ ചികിത്സകര്‍ അനുഭവ പഠനത്തിലൂടെ സ്വായത്തമാക്കിയ ധാരാളം അറിവുകള്‍ രേഖപ്പെടുത്തിയ ഒട്ടേറെ താളിയോലകള്‍ കേരളത്തിലെ വൈദ്യ കുടുംബങ്ങളില്‍ ഇന്നുമുണ്ട്. ഇത്തരം ഒട്ടേറെ താളിയോലകള്‍ കണ്ടെത്തി ശാസ്ത്രീയമായി സംശോധനം ചെയ്ത്, തിരുവനന്തപുരം ആസ്ഥാനമായ ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷനു കീഴിലുള്ള പാരമ്പര്യവിജ്ഞാന നവീകരണ കേന്ദ്രം (Traditional knowledge Innovation, Kerala) പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നുണ്ട്. മണിപ്രവാള, ദ്രാവിഡ വൃത്തങ്ങളിലാണ് ഇവയിലെ ഉള്ളടക്കമേറെയും. കേരളീയ ആയുര്‍വേദാചാര്യന്മാര്‍ വികസിപ്പിച്ചെടുത്ത രസചികിത്സ, ഒറ്റമൂലി പ്രയോഗങ്ങള്‍ എന്നിവ സംബന്ധിച്ച ഗ്രന്ഥങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ഈ ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പോലെ ഇതര വിജ്ഞാനശാഖകളിലെ താളിയോല ഗ്രന്ഥങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
















