വാഷിങ്ടണ്‍: യുഎസ് പാസ്‌പോര്‍ട്ടില്‍ സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന് മാത്രം മതിയെന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന് അനുമതി നല്‍കി സുപ്രീംകോടതി. നയം നടപ്പിലാക്കിയാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവരുടെ ലിംഗസ്വത്വം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ കഴിയില്ല.
ഏറെനാളായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. അതിനാണ് യുഎസ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതിനുമുമ്പും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നത് വിലക്കിയതടക്കം വിവിധ നയങ്ങളില്‍ യുഎസ് ഭരണകൂടത്തിന് അനുകൂലമായി ഇരുപതിലധികം ഉത്തരവുകള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ സുരക്ഷയും അവകാശങ്ങളും ഈ നയം ചോദ്യം ചെയ്യുന്നു എന്ന നിലയ്‌ക്ക് അമേരിക്കയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് സുപ്രീംകോടതി ഉത്തരവ് വഴിയൊരുക്കയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം പാസ്‌പോര്‍ട്ട് നിയമങ്ങള്‍ പരിഷ്‌കരിച്ചതിനോടൊപ്പം സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നീ രണ്ടു ലിംഗസൂചകങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളു എന്ന് ട്രംപ് ഭരണകൂടം എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയിരുന്നു.
ലിംഗസ്വത്വത്തിന് അനുയോജ്യമായി സ്ത്രീ എന്നോ പുരുഷന്‍ എന്നോ ‘ഃ’ എന്നോ രേഖപ്പെടുത്താമെന്ന് കീഴ്‌ക്കോടതി നല്‍കിയ അനുമതിയാണ് സുപ്രീംകോടതി തള്ളിയത്.
2021ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍, മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ നല്‍കാതെ തന്നെ, ബൈനറി അല്ലാത്ത ആളുകള്‍ക്ക് ഒരു എക്‌സ് ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള ലിംഗസൂചകങ്ങള്‍ സ്വയം തെരഞ്ഞെടുക്കാന്‍ അമേരിക്കക്കാരെ അനുവദിച്ചിരുന്ന നയമാണ് ഈ നീക്കം തിരുത്തുന്നത്.
















