ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം ദാരുണമായി കൊലചെയ്യുന്ന വീഡിയോകള്‍ ലോകമാകെ പ്രചരിക്കുകയാണ്. പരസ്യമായി വെടിവച്ചും മര്‍ദ്ദിച്ചും മുറിവേല്‍പ്പിച്ചുമാണ് മത നിയമങ്ങള്‍ക്ക് അനുസൃതമെന്ന് തോന്നിക്കും വിധം കൂട്ടക്കൊലയരങ്ങേറുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ സുഡാന്റെ അധികാരം നിലനിര്‍ത്താനായി ഔദ്യോഗിക സൈന്യം ഒരു വശത്തും രാജ്യം പിടിച്ചെടുക്കാനായി അര്‍ദ്ധസൈനിക ഗ്രൂപ്പായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) മറുവശത്തും 2023 ഏപ്രില്‍ മുതല്‍ നടത്തുന്ന ആഭ്യന്തര യുദ്ധത്തിന്റെ തുടര്‍ച്ചയാണിത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയെന്ന് ഐക്യരാഷ്‌ട്രസഭ വിശേഷിപ്പിച്ച സംഭവത്തില്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികമാളുകള്‍ കൊല്ലപ്പെടുകയും പന്ത്രണ്ട് ദശലക്ഷത്തോളം പേര്‍ പലായനം ചെയ്യുകയുമുണ്ടായി.
1989-ല്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തി ദീര്‍ഘകാലം പ്രസിഡന്റായിരുന്ന ഒമര്‍ അല്‍-ബഷീറിനെ 2019-ല്‍ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണിപ്പോള്‍ നടക്കുന്നത്. ജനാധിപത്യ ഭരണം ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ സൈനിക അട്ടിമറിയെത്തുടര്‍ന്ന് സൈനിക-സിവിലിയന്‍ സംയുക്ത സര്‍ക്കാര്‍ നിലവില്‍ വന്നിരുന്നു. പക്ഷേ 2021 ഒക്ടോബറില്‍ മറ്റൊരു അട്ടിമറിയിലൂടെ അത് ഇല്ലാതാക്കപ്പെട്ടു. സുഡാന്‍ സായുധസേനാ മേധാവിയും നിലവില്‍ രാജ്യത്തിന്റെ പ്രസിഡന്റുമായ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍-ബുര്‍ഹാനും മുന്‍പ് അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായിരുന്ന ആര്‍എസ്എഫ് തലവനുമായ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗോലോയുമാണ് സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുക്കള്‍.
എണ്ണയും സ്വര്‍ണവും വിദേശ താല്‍പര്യങ്ങളും
സുഡാനിലെ അറബ് ഇതര ജനതയെ വംശഹത്യയ്‌ക്ക് ഇരയാക്കിയിരുന്ന ജാന്‍ജവീദ് സായുധ സംഘത്തില്‍ നിന്നാണ് 2013-ല്‍ ആര്‍എസ്എഫ് രൂപീകൃതമാവുന്നത്. ജനറല്‍ ഡഗോലോയുടെ നേതൃത്വത്തില്‍ ശക്തിപ്പെട്ട ഈ സംഘടനയില്‍ നിലവില്‍ ഒരു ലക്ഷത്തിലധികം സേനാംഗങ്ങളുണ്ട്. യെമനിലെയും ലിബിയയിലെയും സംഘര്‍ഷങ്ങളില്‍ ഇടപെട്ട സംഘടന സുഡാനിലെ ചില സ്വര്‍ണ ഖനികളും നിയന്ത്രിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സി(യുഎഇ)ലേക്ക് സ്വര്‍ണ്ണം കടത്തുന്നതും ആര്‍എസ്എഫിന്റെ നേതൃത്വത്തിലാണ്. ആയുധങ്ങളും ധനവും യുഎഇ ആര്‍എസ്എഫിന് നല്‍കുന്നതിനൊപ്പം ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി സഹായിക്കുന്നുമുണ്ട്. ചാഡ് വഴിയാണ് യുഎഇ ആയുധം കടത്തുന്നത്. കിഴക്കന്‍ ലിബിയയിലെ ജനറല്‍ ഖലീഫ ഹഫ്താറിന്റെ പിന്തുണയും ആര്‍എസ്എഫിനുണ്ട്. സുഡാന്റെ ഔദ്യോഗിക സൈന്യത്തെ ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ പിന്തുണയ്‌ക്കുന്നു. ചുരുക്കത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലെ ശീതയുദ്ധത്തിന് ഇരയാവേണ്ടി വരുന്നത് സുഡാനിലെ അതി ദരിദ്രരായ കറുത്ത വര്‍ഗക്കാരാണ്.
2025 ജൂണ്‍മാസത്തിന്റെ തുടക്കത്തില്‍ത്തന്നെ ലിബിയ, ഈജിപ്ത് രാജ്യങ്ങകുമായുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ നിയന്ത്രണം ആര്‍എസ്എഫ് പിടിച്ചെടുത്തിരുന്നു. മാര്‍ച്ചില്‍ തലസ്ഥാനമായ ഖാര്‍ത്തൂമും പിടിച്ചെടുത്തുവെങ്കിലും സുഡാന്‍ സൈന്യം അത് തിരികെ പിടിച്ചു. ഒക്ടോബര്‍ അവസാനത്തില്‍ എല്‍-ഫാഷര്‍ പ്രദേശം ആര്‍എസ്എഫ് പിടിച്ചടക്കി. തുടര്‍ന്ന് ഡാര്‍ഫറിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗവും അയല്‍ പ്രദേശമായ കോര്‍ഡോഫാനും അവരുടെ നിയന്ത്രണത്തിലായി. ആര്‍എസ്എഫ്, തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതോടെ സുഡാന്‍ രണ്ടാമതൊരു പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്. 2011ല്‍ ഉണ്ടായ ആദ്യ പിളര്‍പ്പിനെ തുടര്‍ന്നാണ് ദക്ഷിണ സുഡാന്‍ രൂപീകൃതമായതും രാജ്യത്തിന്റെ ഒട്ടുമിക്ക എണ്ണപ്പാടങ്ങളും നഷ്ടപ്പെട്ടതും. നിലവില്‍ രാജ്യത്തിന്റെ 60 ശതമാനം ഭാഗവും സൈന്യത്തിന്റെ പക്കലും ബാക്കി ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലുമാണ്.
എണ്ണയാല്‍ സമ്പന്നമായ കോര്‍ഡോഫാന്‍ പ്രദേശത്താണ് നിലവില്‍ പോരാട്ടം ശക്തമായിരിക്കുന്നത്. 36,000ത്തോളം ജനങ്ങള്‍ ഇവിടെ നിന്നു പലായനം ചെയ്തു കഴിഞ്ഞു. നഗരത്തിന് 30 കിലോമീറ്റര്‍ വടക്കുള്ള ബാര പട്ടണം ആര്‍എസ്എഫ് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഏകദേശം 20,000 ആളുകള്‍ എല്‍-ഒബൈദിലേക്ക് പലായനം ചെയ്തിരുന്നു. ഡാര്‍ഫറില്‍ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന എല്‍-ഫാഷര്‍ നഗരം കീഴടക്കിയ അതേ സമയത്താണ് ഈ പട്ടണവും കീഴടങ്ങിയത്. അതിനുശേഷമാണ് എല്‍-ഫാഷറില്‍ ആര്‍എസ്എഫ് ഭീകരരുടെ നേതൃത്വത്തില്‍ കൂട്ടക്കൊലകള്‍, ലൈംഗിക അതിക്രമങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, വ്യാപകമായ കൊള്ളയടിക്കല്‍ എന്നിവ അരങ്ങേറിയത്.
രണ്ട് വര്‍ഷത്തിലേറെയായി നടക്കുന്ന സംഘര്‍ഷത്തില്‍ ഇരുപക്ഷവും ശ്രമിക്കുന്നത് രാജ്യത്തെ എണ്ണ സമ്പന്നമായ കോര്‍ഡോഫാന്‍ മേഖലയുടെ നിയന്ത്രണം കൈക്കലാക്കാനാണ്. കോര്‍ഡോഫാന്‍ നിയന്ത്രിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ എണ്ണ വിതരണത്തെയും സുഡാനിലെ വലിയൊരു ഭാഗത്തെയും ഫലപ്രദമായി നിയന്ത്രിക്കാനാവും. കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കോര്‍ഡോഫാനിലെ പൈപ്പ് ലൈനുകള്‍ വഴിയാണ് എണ്ണയൊഴുകുന്നത് എന്നതിനാല്‍ കരയാല്‍ ചുറ്റപ്പെട്ട ദക്ഷിണ സുഡാനും ഈ പ്രദേശം വളരെ പ്രധാനമാണ്. അതിനാല്‍ കോര്‍ഡോഫാന്റെ സ്ഥിരതയില്‍ അവര്‍ക്കും നിക്ഷിപ്ത താല്‍പര്യമുണ്ട്.
ഇസ്ലാമിതര വിഭാഗങ്ങളുടെ വംശീയഹത്യ
നിലവില്‍ സുഡാനിലെ കൊലപാതകങ്ങള്‍ മത-വംശീയ പ്രേരിതമായി മാറി. ഇസ്ലാം-അറബ് ഇതര ജനതയെ ലക്ഷ്യം വയ്‌ക്കുന്ന രീതിയിലേക്ക് ആര്‍എസ്എഫ് തങ്ങളുടെ അക്രമ ശൈലി മാറ്റി. എണ്ണ, സ്വര്‍ണം തുടങ്ങിയ താല്‍പര്യങ്ങള്‍ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെങ്കിലും പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയ ശേഷം ഇസ്ലാമിതര വിഭാഗങ്ങളെ കൊന്നൊടുക്കുകയാണ്. സുഡാനെ സമ്പൂര്‍ണ മുസ്ലിം രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ആര്‍എസ്എഫിലൂടെ നടത്തുന്നത്. നിലവില്‍ 90.7 % ആണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ. ക്രൈസ്തവര്‍ 5.4 ശതമാനവും ബാക്കി പരമ്പരാഗത ഗോത്ര വിശ്വാസങ്ങള്‍ പിന്തുടരുന്നവരുമാണ്. മുസ്ലിങ്ങള്‍ ഒഴികെയുള്ള വിഭാഗങ്ങളെ തിരഞ്ഞുപിടിച്ചാണ് കൊലപ്പെടുത്തുന്നത്. സ്ത്രീകളെയും കുട്ടികളെയും നിരത്തി നിര്‍ത്തി ‘അള്ളാഹു അക്ബര്‍’ വിളിച്ചുകൊണ്ട് വെടിയുതിര്‍ക്കുകയാണ്. മുഹമ്മദ് ഹംദാന്‍ ഡഗോലോയുടെ അര്‍എസ്എഫ്. ക്രൂരമായ മത-വംശീയ ഉത്മൂലനമാണ് സുഡാനില്‍ അരങ്ങേറുന്നത്.
രാജ്യത്ത് ഇരുപത് ലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളുണ്ട്. നിലവിലെ സംഘര്‍ഷം ഇസ്ലാമിക ഭീകരര്‍ക്ക് ക്രൈസ്തവരെ ലക്ഷ്യം വയ്‌ക്കാന്‍ കൂടുതല്‍ അവസരം നല്‍കി. 165ലധികം പള്ളികള്‍ തകര്‍ക്കപ്പെട്ടു. നിരവധി വിശ്വാസികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കടുത്ത മത വിവേചനം ഇസ്ലാമിതര വിഭാഗങ്ങള്‍ രാജ്യത്ത് നേരിടുന്നു. വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത്, ഇസ്ലാമിതര സമൂഹത്തെ കൊടുംദാരിദ്ര്യത്തിലേക്ക് നയിക്കുന്നതായി അന്താരാഷ്‌ട്ര സ്ഥാപനങ്ങള്‍ അറിയിക്കുന്നു. 2024 നവംബര്‍ അവസാനം എല്‍ ഒബൈദ് രൂപതയിലെ കത്തോലിക്കാ ബിഷപ്പ് യുനാന്‍ ടോംബെ ട്രില്ലിനെതിരെ റങ്ക് ടൗണില്‍ ആര്‍എസ്എഫിന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണം പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ സഭകളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാരമ്പരാഗത ഗോത്ര വിശ്വാസം പിന്തുടരുന്നവരുടെയും സ്ഥിതി വ്യത്യസ്തമല്ല.
നിലവിലെ അതിക്രമങ്ങളെ, യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും തുല്യമെന്നാണ് അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി (ഐസിസി) വിശേഷിപ്പിച്ചത്. ആര്‍എസ്എഫ് 18 മാസം ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് എല്‍-ഫാഷര്‍ നിവാസികള്‍ ക്ഷാമം അനുഭവിക്കുന്നുവെന്ന് ആഗോള ഭക്ഷ്യസുരക്ഷാ വിദഗ്ധരുടെ ഒരു സംഘം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐസിസിയുടെ പ്രസ്താവന വന്നത്. ദക്ഷിണ കോര്‍ഡോഫാന്‍ സംസ്ഥാനത്തെ കടുഗ്ലി നഗരം ഭക്ഷ്യ ക്ഷാമത്തിന്റെ ഏറ്റവും വിനാശകരമായ അവസ്ഥയിലാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ അംഗീകൃത ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് നെറ്റ്‌വര്‍ക്കും (ഐപിസി) അഭിപ്രായപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിലെ പ്രശ്നത്തില്‍ ഇസ്ലാമിക മത ഭീകരവാദികള്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്നവരുടെ നിശബ്ദതയാണ് ഏവരെയുമിപ്പോള്‍ അമ്പരപ്പിക്കുന്നത്. ഗാസയിലെ ഹമാസ് നിയന്ത്രിത ആരോഗ്യമന്ത്രാലയം നല്‍കുന്ന വ്യാജ കണക്കുകള്‍ ഏറ്റു ചൊല്ലുന്ന ആഗോള ഇടത് -ഇസ്ലാമിസ്റ്റുകള്‍ സുഡാനില്‍ നടക്കുന്ന വംശഹത്യയെക്കുറിച്ച്, ഐക്യരാഷ്‌ട്ര സഭയടക്കം ആശങ്കയുയര്‍ത്തിയിട്ടും, നിശബ്ദമായിരിക്കുന്നത് ഇക്കൂട്ടരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുകകൂടിയാണ്.
പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകയെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് ഗാസയിലേക്ക് യാത്ര ചെയ്ത ഗ്രേറ്റ തുന്‍ബെര്‍ഗ് അടക്കമുള്ളവരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്നുണ്ട്. ഭാരതത്തിലും കേരളത്തിലുമടക്കം ഇടത്-ഇസ്ലാമിക സംഘടനകളും സാംസ്‌കാരിക നായകരെന്ന് അഭിപ്രായപ്പെടുന്നവരും സുഡാനിലെ വംശഹത്യയില്‍ മൗനത്തിലാണ്.











