വന്ദേമാതരത്തിന്റെ ശക്തി അതിന്റെ ബിംബകല്പനകളിലാണ്. രാഷ്‌ട്രത്തിന്റെ യഥാര്‍ത്ഥ സത്ത കുടികൊള്ളുന്നത് അതിന്റെ ഭൗതിക അതിര്‍ത്തികളിലല്ല, ജനങ്ങളുടെ കൂട്ടായ സ്വത്വത്തിലാണ്. മാതൃഭൂമിയുടെ സ്വത്വവും മൂല്യവും സംഘര്‍ഷങ്ങളിലൂടെയല്ല ജനജീവിതത്തിന്റെ ഗുണാത്മകതയിലൂടെയാണ് നിര്‍വചിക്കപ്പെടുന്നത്. ഫലഭൂയിഷ്ഠവും, തേജസ്സുറ്റതും, പരിപോഷിപ്പിക്കുന്നതുമായ സ്വഭാവ വിശേഷങ്ങളിലൂടെയാണ്. 1905-ല്‍ അബനീന്ദ്രനാഥ ടാഗോര്‍ ഭാരതമാതാവിന്റെ ചിത്രം വരച്ചപ്പോള്‍, അദ്ദേഹം ആ സ്വരൂപത്തിന് ഒരു മുഖം നല്‍കി. ശാന്തവും, ആത്മീയവും, സ്വയംപര്യാപ്തവുമായിരുന്നു ആ ഭാവം. ഗാനം പോലെതന്നെ സൗന്ദര്യാത്മകവും രാഷ്‌ട്രീയപരവുമായിരുന്നു ചിത്രരചനയും. പവിത്രവും വിപ്ലവകരവുമായിരുന്നു.
ദേശസ്‌നേഹത്തെ പ്രാര്‍ത്ഥനാ രൂപത്തിലേക്ക് ഉയര്‍ത്തുക എന്ന അത്്ഭുതമായിരുന്നു ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ പ്രതിഭയിലൂടെ നിര്‍വ്വഹിക്കപ്പെട്ടത്. ഭാരതത്തെ സ്‌നേഹിക്കുക എന്നുവച്ചാല്‍ അതിനെ ഒരു പ്രദേശമായി കൈവശപ്പെടുത്തുക എന്നല്ല, അതിനെ മാതാവായി ആരാധിക്കുക എന്നതാണ്.
രാജ്യം സ്വാതന്ത്ര്യത്തോട് അടുക്കുമ്പോഴേക്കും വന്ദേമാതരം, ഭാരതം എന്ന ആശയത്തില്‍ നിന്ന് വേര്‍പെടുത്താനാവാത്ത വിധം ഇഴുകിച്ചേര്‍ന്നിരുന്നു. ഭരണഘടനാ നിര്‍മാണ സഭയില്‍ ഒരു ചര്‍ച്ച ഉയര്‍ന്നുവന്നു: പുതിയ റിപ്പബ്ലിക്കിനെ പ്രതിനിധീകരിക്കുന്ന ഗാനം ഏതായിരിക്കണം? 1947-ല്‍, ഭാഷാപരമായ സാര്‍വത്രികത മൂലം ‘ജന ഗണ മന’ ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. വന്ദേമാതരത്തെ തുല്യ ആദരവോടെ ദേശീയ ഗീതമായും പ്രഖ്യാപിച്ചു. നെഹ്റു അതിനെ ‘നമ്മുടെ ഉണര്‍ത്ത് പാട്ട്’ എന്ന് വിശേഷിപ്പിച്ചു. ഈശ്വരനെക്കാളുപരി, പ്രകൃതിയെ വര്‍ണ്ണിക്കുന്ന അതിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങള്‍ മാത്രമേ ഔദ്യോഗിക ഉപയോഗത്തിനായി സ്വീകരിച്ചിട്ടുള്ളൂ.
ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, വന്ദേമാതരത്തിന്റെ അര്‍ത്ഥതലങ്ങള്‍ നവോത്ഥാനത്തിലൂടെ കടന്നു പോവുകയാണ്. ദേശീയ പ്രാധാന്യമുള്ള പരിപാടികളില്‍ പ്രധാനമന്ത്രി ഈ ഗാനം പതിവായി ഉപയോഗിക്കാറുണ്ട്. ഗൃഹാതുരത്വമല്ല, ആഖ്യാനമാണ് ഗാനത്തിലൂടെ അനുഭവവേദ്യമാകുന്നത്. ഭാരതത്തിന്റെ സ്വാതന്ത്ര്യം വിക്ഷോഭങ്ങളില്‍ നിന്നല്ല, വിശ്വാസത്തില്‍ നിന്നാണ് ജനിച്ചതെന്ന സാംസ്‌ക്കാരികമായ സ്മരണയാണത്. ആസാദി കാ അമൃത് മഹോത്സവ്, സ്‌കൂള്‍ മത്സരങ്ങള്‍, സാംസ്‌കാരിക പ്രചാരണങ്ങള്‍ തുടങ്ങിയ പരിപാടികളിലൂടെ, സര്‍ക്കാര്‍ യുവാക്കള്‍ക്കിടയില്‍ ഈ ഗാനത്തെ പുനരുജ്ജീവിപ്പിച്ചു. ഔദ്യോഗിക പരിപാടികളില്‍ ഡിജിറ്റല്‍ ഗായകസംഘങ്ങള്‍, ഡ്രോണ്‍-ലൈറ്റ് ഷോകള്‍, ഓര്‍ക്കസ്ട്ര ആലാപനങ്ങള്‍ എന്നിവ ഇപ്പോള്‍ അതിന്റെ ശ്രുതിമാധുര്യത്തിനൊപ്പം ചേരുന്നു.
ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ‘ചന്ദ്രന്റെ മണ്ണില്‍ നിന്നുള്ള വന്ദേമാതരം’ എന്നത് കൊണ്ട് നിറഞ്ഞു. ഒരുകാലത്ത് ഒരു സാമ്രാജ്യത്തെ വെല്ലുവിളിച്ച ആ ഗാനം ഇപ്പോള്‍ പ്രപഞ്ചത്തെ അഭിവാദ്യം ചെയ്യുന്നു. കാലാകാലങ്ങളില്‍, വിമര്‍ശകര്‍ ഗാനത്തിന്റെ ബിംബകല്പനകളെ ചോദ്യം ചെയ്തിട്ടുണ്ട്. അതിലെ ദേവീ ആരാധന ഒഴിവാക്കിയുള്ള വായനയ്‌ക്കായി ഉദ്യമങ്ങളുണ്ടാകുന്നു. അവിടെ അവര്‍ ഭാരതത്തിന്റെ ഈശ്വര സങ്കല്‍പ്പത്തെ തെറ്റിദ്ധരിക്കുകയാണ്. നമ്മുടെ സംസ്‌കാരത്തില്‍, മാതൃ സങ്കല്‍പം ഈശ്വരീയമെന്നതിലുപരി, ഭൗമികമാണ്. അവള്‍ ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, സംസാരിക്കുന്ന ഭാഷയുമാണ്.
വന്ദേമാതരം ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ സംബന്ധിക്കുന്നതല്ല. അത് ആദരം അര്‍പ്പിക്കലാണ്. ആധിപത്യത്തെയല്ല, മാതൃരാജ്യത്തോടുള്ള ഭക്തിയെയാണ് അത് ആഘോഷിക്കുന്നത്. കീഴടക്കലല്ല, കാരുണ്യമാണ്. ഛിദ്രമായ സ്വത്വങ്ങളുടെ സമകാലിക യുഗത്തില്‍, വന്ദേമാതരം ദേശീയ വികാരത്തെ ഉണര്‍ത്തി ഐക്യം പ്രദാനം ചെയ്യുന്നു. ദേശീയത പ്രത്യയശാസ്ത്രമല്ല, പാരമ്പര്യമാണെന്ന് അത് ഭാരതീയരെ ഓര്‍മ്മിപ്പിക്കുന്നു. അത് കൃതജ്ഞതയല്ലാതെ മറ്റൊന്നും ആവശ്യപ്പെടുന്നില്ല. രാഷ്‌ട്രീയത്തിനും വിശ്വാസത്തിനും അതീതമായ വികാരം.
ദേശീയതയെ പുനര്‍നിര്‍വ്വചിക്കുന്നതും അതുതന്നെയാണ്. അഭിമാനത്തിന്റെ വാചാടോപങ്ങളല്ല, നിശബ്ദ സേവനമാണത്. ബങ്കിമിന്റെ ദര്‍ശനത്തില്‍, ജന്മഭൂമിയെ വണങ്ങുക എന്നാല്‍ അവിടത്തെ നദികളെയും വനങ്ങളെയും ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നതാണ്. ഇന്ന് വന്ദേമാതരത്തിന് 150 വയസ്സ് തികയുമ്പോള്‍, പുതിയ രൂപങ്ങളില്‍ ഭാരതം അതിനെ ആഘോഷിക്കുന്നു. നിര്‍മിത ബുദ്ധി നിയന്ത്രിത സിംഫണികള്‍ ഉപഗ്രഹ ചിത്രങ്ങളിലൂടെ അതിന്റെ വരികള്‍ ദൃശ്യവത്കരിക്കുന്നു.
മാതാവിനെക്കുറിച്ചുള്ള ബങ്കിമിന്റെ പ്രാര്‍ത്ഥന സമകാലിക പാരിസ്ഥിതിക, ആത്മീയ, ധാര്‍മ്മിക ചോദ്യങ്ങളെ മുന്‍കൂട്ടി അഭിസംബോധന ചെയ്യുന്നു. വന്ദേമാതരം ആലപിക്കുന്നതിലൂടെ പുരോഗതിക്കും സംരക്ഷണത്തിനും, ശക്തിക്കും സമാധാനത്തിനും മധ്യേയുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് നമ്മെ നാം തന്നെ ഓര്‍മ്മിപ്പിക്കുകയാണ്. ചരിത്രത്തില്‍ ചുരുക്കം ചില ഗാനങ്ങള്‍ മാത്രമേ സാമ്രാജ്യങ്ങളെ അതിജീവിച്ചു നിലനിന്നിട്ടുള്ളൂ. വന്ദേമാതരം അത് യാഥാര്‍ത്ഥ്യമാക്കി. നിരോധിക്കപ്പെട്ടു, ചര്‍ച്ച ചെയ്യപ്പെട്ടു, അപഗ്രഥിക്കപ്പെട്ടു. എന്നിട്ടും ഒരു പോറലും ഏല്‍ക്കാതെ ആ ഗാനം നിലകൊള്ളുന്നു. കാരണം ആത്മാവില്‍ നിന്ന് ഉത്ഭവിക്കുന്ന ഗാനങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല.
1875ലെ ആ അക്ഷയ നവമി ദിനത്തില്‍, ഉച്ചതിരിഞ്ഞ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം രചിക്കുമ്പോള്‍, തന്റെ തൂലിക സാമ്രാജ്യങ്ങളെ മറികടക്കുമെന്ന് അദ്ദേഹം കരുതിക്കാണില്ല; ആ സ്തുതിഗീതം ഒരു രാഷ്‌ട്രത്തിന്റെ ആത്മാവായി മാറുമെന്നും. ഇന്നു വീണ്ടും ഉന്നതിയിലേക്ക് ആത്മവിശ്വാസത്തോടെ, ബഹുസ്വരതയോടെ, പൗരാണിക പ്രൗഢിയോടെ, യുവത്വത്തോടെ കുതിക്കുമ്പോള്‍, മാതൃഭാരതം കാതോര്‍ക്കുന്നു. പക്ഷേ, നിവേദ്യങ്ങളൊന്നും ആവശ്യപ്പെടുന്നില്ല. സ്മരണകള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. വന്ദേമാതരം ചൊല്ലുമ്പോഴെല്ലാം, കൃതജ്ഞത വറ്റിയ സ്വാതന്ത്ര്യം പൊള്ളയാണെന്ന് നാം നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നു.
അമ്മ ഇന്ന് സ്വതന്ത്രയാണ്. അരവിന്ദ മഹര്‍ഷി എഴുതിയതുപോലെ മക്കള്‍ സ്വന്തം മൂല്യം തെളിയിക്കേണ്ട കാലമാണിത്. ‘കാരണം രാഷ്‌ട്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത് കേവലം സൈനിക ശക്തിയാല്‍ മാത്രമല്ല. അമ്മയുടെ ആഹ്വാനം ശ്രവിച്ച് സ്‌നേഹത്തോടെ രാഷ്‌ട്രമാതാവിനെ സേവിക്കാന്‍ കഴിയുന്നവരാല്‍ക്കൂടിയാണ്.
വന്ദേമാതരം..! അമ്മേ, ഞങ്ങള്‍ അങ്ങയെ വന്ദിക്കുന്നു..!
( അവസാനിച്ചു)
(ഗ്രന്ഥകാരനും എഴുത്തുകാരനും ഐജിഎന്‍സിഎയുടെ മെമ്പര്‍ സെക്രട്ടറിയുമാണ് ലേഖകന്‍)
















