തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്.വേണുവിന് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണും വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ശബ്ദ സന്ദേശവും പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു വേണു.















