കൂത്താട്ടുകുളം: മണ്ണത്തൂരില്‍ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് പൈനാപ്പിള്‍ സംഭരിച്ച് ദുബായ്‌യിലേക്ക് കയറ്റുമതി ചെയ്യുന്നു. രാജ്യത്ത് നിന്ന് ആദ്യമായാണ് കപ്പലില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. ആദ്യലോഡ് ഇന്നലെ മണ്ണത്തൂരില്‍ നിന്ന് കേന്ദ്ര കൊമഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പിന്റെ കീഴില്‍ വരുന്ന അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസിങ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ നേതൃത്വത്തില്‍ പുറപ്പെട്ടു.
വിമാനത്തില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത് ഏറെ ചെലവേറിയ പ്രക്രിയയാണ്. കൂടുതല്‍ അളവില്‍ കൊണ്ടുപോകാനും സാധിക്കില്ല. കപ്പലുകളില്‍ കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന അളവില്‍ വിദേശങ്ങളിലേക്ക് പൈനാപ്പിളെത്തിക്കാന്‍ സാധിക്കും. ദീര്‍ഘസമയത്തെ യാത്രയുള്ളതുകൊണ്ട് 125 ദിവസം വളര്‍ച്ചയെത്തിയ പൈനാപ്പിളാണ് വെട്ടിയെടുത്ത് കയറ്റുമതി ചെയ്യുന്നത്.
ഇവ തൂക്കി പ്രത്യേക രീതിയില്‍ പായ്‌ക്ക് ചെയ്ത് സുരക്ഷയ്‌ക്കായി കട്ടിക്കൂടൂകളില്‍ പ്രത്യേകം അറക്കുള്ളിലാക്കിയാണ് കയറ്റുമതി. എപിഇഡിഎയിലേയും വാഴക്കുളത്തെ പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തിലേയും ഉദ്യോഗസ്ഥരായ സിനി ഉണ്ണികൃഷ്ണന്‍, ഡോ. ടി. മായ, ശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് കയറ്റുമതിക്കുള്ള തയാറെടുപ്പുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെത്തി മണ്ണത്തൂര്‍ ഓലിപ്പാടുള്ള 800 ഏക്കറോളം വരുന്ന പൈനാപ്പിള്‍ കൃഷിയിടത്തില്‍ നിന്ന് നേരിട്ടാണ് പാക്കിങ് നടപടികള്‍ നടത്തിയത്.
20 ടണ്‍ ആണ് ആദ്യഘട്ടമായി കയറ്റുമതി ചെയ്തത്. പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ തോട്ടത്തില്‍ ഗവേഷണവും നടത്തിവരികയാണ്. മണ്ണ് പരിശോധന, കൃഷിസ്ഥലമൊരുക്കല്‍, വളപ്രയോഗം ഉള്‍പ്പെടെ എല്ലാം ഗവേഷണസംഘം നിര്‍ദേശിച്ച രീതിയിലായിരുന്നു.
പുഷ്പിക്കുന്നതിനു വേണ്ടി എത്തിലിന്‍ പ്രയോഗവും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടത്തി. രണ്ട് മാസത്തിനു ശേഷം കാത്സ്യവും പിന്നീട് പൊട്ടാഷും സ്‌പ്രേയായി ചെടികള്‍ക്ക് നല്‍കി. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പൈനാപ്പിള്‍ കൃഷിയെ പരിപോക്ഷിപ്പിക്കുവാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. നേരത്തെ നേന്ത്രക്കായ കയറ്റുമതി ചെയ്തത് വിജയകരമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൈനാപ്പിളും കയറ്റുമതി ചെയ്യുന്നത്.












