ധാക്ക : ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ശക്തി പ്രാപിക്കുന്നു. ഇതിന് കുടപിടിച്ച് ഇടക്കാല ഭരണകർത്താവായ മുഹമ്മദ് യൂനുസും. രാജ്യത്തെ പ്രൈമറി സ്കൂളുകളിൽ സംഗീത-നൃത്ത അധ്യാപകരെ നിയമിക്കാനുള്ള മുഹമ്മദ് യൂനുസ് സർക്കാരിന്റെ തീരുമാനത്തെ ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകൾ ശക്തമായി എതിർത്തതിനു ശേഷം ഈ നീക്കത്തെ ഇസ്ലാമികമല്ലാത്ത അജണ്ട എന്ന് വിശേഷിപ്പിച്ച് ഇടക്കാല ഭരണകൂടം തീരുമാനം പിൻവലിച്ചു.
ബംഗ്ലാദേശിലെ പ്രൈമറി, മാസ് എഡ്യൂക്കേഷൻ മന്ത്രാലയം തിങ്കളാഴ്ച സർക്കാർ പ്രൈമറി സ്കൂളുകളിൽ സംഗീത അധ്യാപകർക്കായി പുതുതായി സൃഷ്ടിച്ച തസ്തികകൾ നിർത്തലാക്കാൻ തീരുമാനിച്ചതായി പറഞ്ഞു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരുടെ തസ്തികയും മന്ത്രാലയം ഉപേക്ഷിച്ചതായി ബംഗ്ലാദേശിലെ ബിഡിന്യൂസ് 24 റിപ്പോർട്ട് ചെയ്തു.
“കഴിഞ്ഞ ഓഗസ്റ്റിൽ പുറപ്പെടുവിച്ച നിയമങ്ങളിൽ നാല് വിഭാഗ തസ്തികകളുണ്ടായിരുന്നെങ്കിലും, ഭേദഗതിയിൽ രണ്ട് വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതത്തിനും ഫിസിക്കൽ എഡ്യൂക്കേഷനുമുള്ള അസിസ്റ്റന്റ് അധ്യാപകരുടെ തസ്തികകൾ പുതിയ നിയമങ്ങളിൽ ഇല്ല,” – മന്ത്രാലയ ഉദ്യോഗസ്ഥൻ മസൂദ് അക്തർ ഖാൻ പറഞ്ഞു.
അതേ സമയം മതവിഭാഗങ്ങളുടെ സമ്മർദ്ദത്തിനുള്ള മറുപടിയാണോ തീരുമാനം എന്ന ചോദ്യത്തിന് അക്തർ ഖാൻ അഭിപ്രായം പറയാൻ വിസമ്മതിച്ചു. നിങ്ങൾക്ക് സ്വയം പരിശോധിക്കാമെന്നാണ് ഖാൻ ബിഡിന്യൂസ് 24 നോട് പറഞ്ഞത്. സത്യത്തിൽ ഇസ്ലാമിക സമ്മർദ്ദത്തിന് വഴങ്ങിയ നിരവധി നയ തീരുമാനങ്ങൾക്കിടയിലാണ് യൂനുസ് ഭരണകൂടത്തിന്റെ യു-ടേൺ വരുന്നത്.
കൂടാതെ സർക്കാർ നടത്തുന്ന പ്രൈമറി സ്‌കൂളുകളിൽ മത അധ്യാപകരെ മാത്രമേ നിയമിക്കാവൂ എന്ന് ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെടുകയും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഗീത, ശാരീരിക വിദ്യാഭ്യാസ അധ്യാപകരുടെ നിയമനം നിർബന്ധിതവും അപ്രസക്തവുമാണെന്ന് അവർ വിശേഷിപ്പിച്ചതായി ധാക്ക ആസ്ഥാനമായുള്ള ഡെയ്‌ലി സ്റ്റാറും സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.
യഥാർത്ഥത്തിൽ ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കീഴിൽ ഒരിക്കൽ നിയന്ത്രണത്തിലായിരുന്ന ഇസ്ലാമിസ്റ്റുകൾ ഇപ്പോൾ യൂനുസിന്റെ കീഴിൽ ശക്തി പ്രാപിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. രാജ്യത്ത് ഹിന്ദുവിരുദ്ധ, ഇന്ത്യാവിരുദ്ധ ആശയങ്ങളിലൂടെ ഒന്നിനുപുറകെ ഒന്നായി അവർ വിഷം വമിപ്പിക്കുന്നു. തീവ്രവാദ സംഘടന എന്ന് അവർ വിളിക്കുന്ന ഇസ്‌കോൺ നിരോധിക്കണമെന്നാണ് അവരുടെ ഇപ്പോഴത്തെ ഏറ്റവും പുതിയ ആവശ്യം.
















