കോഴിക്കോട് : മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമര്‍ശത്തോടു വിയോജിച്ച് പാണക്കാട് തങ്ങള്‍. ഭരണകൂടത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. എന്നാല്‍ രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കാന്‍ പാടില്ലെന്ന് തങ്ങള്‍ പറഞ്ഞു.
വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാം മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. സലാമിന്റേത് രാഷ്‌ട്രീയ മര്യാദ പാലിക്കാത്ത നിലപാടാണെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
















