മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം മാപ്പ് പറയണമെന്ന് സിപിഎം.പിഎംഎ സലാമിന്റെ നടപടി തരംതാണതും രാഷ്‌ട്രീയ മര്യാദ പാലിക്കാത്തതുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.
വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണം.രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ക്ക് അവസരം കിട്ടാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്.
പി എം എ സലാമില്‍ നിന്നുണ്ടായത് അനുകരണീയമല്ലാത്ത മാതൃകയാണ് .ലീഗിന്റെ സാംസ്‌കാരിക അപചയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.സലാമിന്റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സിപി എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത് സംബന്ധിച്ച് , കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നാണ് പിഎംഎ സലാം അധിക്ഷേപിച്ചത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം.ശനിയാഴ്ച മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രതികരണം.
















