തിരുവനന്തപുരം:കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഗണ്യമായി കുറയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പി പ്രസാദ്. അടിയന്തരമായി ഞായറാഴ്ച ഓണ്‍ലൈനായി എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കും.
വിദ്യാര്‍ഥികള്‍ക്ക് വലിയ ഭാരമുണ്ടാകാത്ത രീതിയിലുള്ള ഫീസ് ഘടന മാത്രമായിരിക്കും കാര്‍ഷിക സര്‍വകലാശാലയില്‍ ഉണ്ടാകുകയെന്നകാര്യം ഉറപ്പാക്കണമെന്ന് സര്‍വകലാശാലയ്‌ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
സര്‍വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം ലഭ്യമാകുന്ന നിലയ്‌ക്ക് ഫീസിന്റെ കാര്യത്തില്‍ വീണ്ടും പുനഃപരിശോധന നടത്തണമെന്ന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു.
പണം ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് പഠന അവസരം ഇല്ലാതാകാന്‍ പാടില്ല. കാര്‍ഷിക സര്‍വകലാശാലയില്‍ സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും കുട്ടികള്‍ പഠിക്കേണ്ട എന്ന് പറയാന്‍ കഴിയില്ല. ഏത് മാര്‍ഗത്തിലും പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധനയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.















