മരണം ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ ‘ആശ്വസിപ്പിക്കാന്‍’ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നതുപോലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ജനക്ഷേമ പ്രഖ്യാപനങ്ങള്‍. ഭരണകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒന്‍പതര വര്‍ഷം അധികാരത്തില്‍ തുടര്‍ന്നിട്ടും ചെയ്യാതിരുന്ന കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നതിലെ ആത്മാര്‍ത്ഥതയില്ലായ്‌മയും ജനവഞ്ചനയും പകല്‍പോലെ വ്യക്തമാണ്. തലസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതിനു പുറമേ ഒരു ഇസ്ലാമിക രാജ്യമായ ഖത്തറില്‍ പോയും ഇതെല്ലാം മുഖ്യമന്ത്രി ആവര്‍ത്തിച്ചിരിക്കുന്നു. ജിഹാദികളെ പ്രീണിപ്പിക്കാനായിരിക്കും. എന്തു ചെയ്യുമ്പോഴും അതിനൊരു ജിഹാദി ടച്ച് വേണമെന്നത് പിണറായി സര്‍ക്കാരിന്റെ നയമാണല്ലോ.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിലൂടെ നല്‍കിയ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനങ്ങളായി പുറത്തുവന്നിരിക്കുന്നത്. നാലരവര്‍ഷംകൊണ്ട് ഇതൊക്കെ നടപ്പാക്കാമായിരുന്നു. ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, അഴിമതിയും ആര്‍ഭാടവും നടത്തി ഖജനാവ് കാലിയാക്കുകയാണുണ്ടായത്. സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു വര്‍ഷത്തിലേറെയായി സമരം ചെയ്ത ആശാവര്‍ക്കര്‍മാരുടെ വേതന വര്‍ദ്ധനവ് നടപ്പാക്കാതിരുന്നതു തന്നെ ഇതിന് തെളിവാണല്ലോ. ഈ വൈകിയ വേളയില്‍ ഒരു വെളിപാടുണ്ടായതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനസേവകനായി മാറിയിരിക്കുന്നതിന്റെ കള്ളത്തരം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരിക്കുന്നതിനെക്കാള്‍ മോശമാണ് കപട വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നത്. പക്ഷേ ഇതിലൊന്നും ഇടതു പാര്‍ട്ടികളും മുഖ്യമന്ത്രി പിണറായി വിജയനും ഒരു തെറ്റും കാണുന്നില്ല. കാരണം ഇക്കൂട്ടര്‍ക്ക് ഇത് ശീലമായിരിക്കുന്നു.
ക്ഷേമ പെന്‍ഷനിലെ വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നുതന്നെയിരിക്കട്ടെ. എവിടെ നിന്നാണ് ഇതിനൊക്കെ പണം കണ്ടെത്തുകയെന്നു മുഖ്യമന്ത്രിക്കും ധനമന്ത്രി കെ.എന്‍. ബാലഗോപാലിനും പറയാന്‍ കഴിയുമോ? ആറ് ലക്ഷം കോടി രൂപയുടെ കടമാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തിന് വരുത്തിവച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയും നിരന്തരം നുണകള്‍ പറഞ്ഞും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താമെന്ന് കരുതുന്ന ഒരാളാണ് ബാലഗോപാല്‍. നാടുനീളെ മദ്യമൊഴുക്കി പാവപ്പെട്ട മനുഷ്യരെ പിഴിഞ്ഞെടുക്കുന്ന വരുമാനവും, ലോട്ടറിയില്‍ നിന്നുള്ള വരുമാനവുമാണ് സര്‍ക്കാരിനുള്ളത്. റവന്യൂ വര്‍ധിപ്പിക്കാന്‍ ക്രിയാത്മകമായ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ ഈ ധനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഒരോ വര്‍ഷവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബജറ്റുകള്‍ എന്ന പേരില്‍ ചില കണക്കുകള്‍ അവതരിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ബജറ്റ് തയ്യാറാക്കുന്നവര്‍ തന്നെ എഴുതിക്കൊടുക്കുന്ന വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി യാന്ത്രികമായി പ്രഖ്യാപിക്കുന്നത്.
ഇപ്പോഴത്തെ പ്രഖ്യാപനങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഇടതുമുന്നണി ഇനി അധികാരത്തില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ പോവുകയാണ്. സിപിഎമ്മിനും ഇടതുമണിക്കും എതിരെ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതുപോയിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോലുമാവില്ല. ഇതിന്റെ വെപ്രാളമാണ് മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും.
എങ്ങനെയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്ന കടമ്പ കടക്കുക. അതില്‍ ജയിക്കാനായാല്‍ ആ പേര് പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാം. അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ ഇപ്പോഴത്തെ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ടതില്ല. പണമില്ലെന്ന് കാരണം പറയാം. കേന്ദ്രം സാമ്പത്തികമായി സഹായിക്കുന്നില്ലെന്ന് കുറ്റം പറയാം. ഇതൊക്കെയാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും കണക്കുകൂട്ടല്‍. പക്ഷേ ഒന്‍പതര വര്‍ഷത്തെ ഭരണത്തിലൂടെ ഈ സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു. ഇനി അവരെ കബളിപ്പിക്കാന്‍ കഴിയില്ല. പക്ഷേ അധികാരത്തിന്റെ ലഹരി ആസ്വദിച്ച പിണറായിയും കൂട്ടരും ഒരിക്കല്‍ക്കൂടി അതിന് ശ്രമിക്കുകയാണ്. അല്‍പ്പകാലം ചില അനുകൂല്യങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം ജയിക്കാന്‍ പോകുന്നില്ല. വിജയിക്കാനും പാടില്ല. കാരണം മൂന്നാം പിണറായി സര്‍ക്കാര്‍ സംഭവിച്ചാല്‍ ജനജീവിതം ദുസ്സഹമാകും.











