കൊച്ചി: തൊടുപുഴയിലും ഇടക്കൊച്ചിയിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള ഭൂമി ഇടപാടുകളില്‍ ക്രമക്കേട് ആരോപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസുകള്‍ തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നേരത്തെ, കെസിഎ ഭാരവാഹികളുടെ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിജിലന്‍സ് കേസുകള്‍ റദ്ദാക്കിയിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊതുപ്രവര്‍ത്തകരല്ലെന്നും അഴിമതി നിരോധന നിയമ പ്രകാരം അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു സിംഗിള്‍ ബഞ്ചിന്‌റെ നിരീക്ഷണം. എന്നാല്‍ കെസിഎ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ , ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
















