കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബർ ഒന്നിന് തുടങ്ങും എറണാകുളത്തപ്പൻ മൈതാനിയിലൊരുക്കിയ വേദിയിൽ രാവിലെ 11-ന് ഉത്തരപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവസമിതി ചെയർമാൻ പ്രൊഫ. കെ. വി. തോമസ് അധ്യക്ഷനാകും.
മലയാള രത്നപുരസ്കാരം ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസിന്ഉത്തരപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ നൽകും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനവും ഡോ. സി.വി. ആനന്ദ ബോസിന്റെ 14 പുസ്തകങ്ങളുടെ പ്രകാശനവും മുൻ കേന്ദ്രമന്ത്രി എം. ജെ. അക്ബർ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യാതിഥിയാകും. കൊച്ചി മേയർ എം. അനിൽകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങും.കെ. എൽ. മോഹനവർമ്മ പുസ്തകോത്സവ സന്ദേശം നൽകും. ഫ്രഞ്ച് സാഹിത്യകാരി ക്ലാരെ ലെ മൈക്കൾ പ്രഭാഷണം നടത്തും. ഇ. എം. ഹരിദാസ്, പി. സോമനാഥൻ എന്നിവർ പങ്കെടുക്കും.
മഹാകവി അക്കിത്തത്തിന്റെ നൂറാം വർഷം പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് ഡോ. സി. വി. ആനന്ദബോസ് നിർവഹിക്കും. ജസ്റ്റിസ് എം. രാമചന്ദ്രൻ അധ്യക്ഷനാകും. പ്രൊഫ. ഏ. ഗീത, ഡോ. ലക്ഷ്മി ശങ്കർ, അക്കിത്തത്തിന്റെ മകൾ ഇന്ദിര അക്കിത്തം എന്നിവർ സംസാരിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന മലയാളഭാഷാ സെമിനാറിൽ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ. വി. എം. മാത്യു ഇലഞ്ഞി, ഡോ. അംബിക എ. നായർ എന്നിവർ സംസാരിക്കും. ഏഴിന് മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രം 75-ാം വാർഷികം പരിപാടിയിൽ ഡോ. ടി. എസ്. ജോയ്, സി. ഡോ. തെരേസ ആലഞ്ചേരി, രാജേഷ് ജയരാമൻ എന്നിവർ സംസാരിക്കും. വൈകിട്ട് 7.45-ന് ഡോ. മണക്കാല
ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പ്രേമസംഗീത സദസ്സ് നടക്കും.
രണ്ടാം ദിവസം രാവിലെ 10-ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ‘പാരമ്പര്യവും ആധുനികതയും മലയാള കവിതയിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം നടക്കും. ദേശമംഗലം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. പി. രാമനുണ്ണി അധ്യക്ഷനാകും, എം എം ശചീന്ദ്രൻ, ഡോ.സുമി ജോയ് ഒലിയപ്പുറം, വെണ്ണല മോഹനൻ, കെ. കെ. ശിവദാസ്, കെ. ആർ. ടോണി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. വൈകിട്ട് അഞ്ചിന് അഹമ്മദീയ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ഫാ. സ്റ്റീഫൻ തോമസ് ചേലക്കര, മൗലവി സുൽത്താൻ നസീർ സാഹിബ്, അഹമ്മദ് ഷാഫി സാഹിബ്, ശ്രീകുമാർ മനയിൽ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.50 -ന് പ്രശസ്ത ഗാനരചയിതാവ് ഐ. എസ്. കുണ്ടൂരിന്റെ പാട്ടെഴുത്തിന്റെ അമ്പതാം വർഷം വീണ പാടും ഈണമായി പരിപാടി നടക്കും. ചലച്ചിത്ര സംവിധായകൻ രാജസേനൻ, കവി ആർ. കെ. ദാമോദരൻ എന്നിവർ സംസാരിക്കും. ജസ്റ്റിസ് ആർ. ഭാസ്കരൻ ഐ. എസ്. കുണ്ടൂരിനെ ആദരിക്കും. തുടർന്ന് ഗണേഷ് സുന്ദരം ആലപിക്കുന്ന ഗാനമാലിക, ആലുവ ശ്രീ ദുർഗ സംഘത്തിന്റെ കൈകൊട്ടിക്കളി.
മൂന്നാം ദിവസം നവം.മൂന്നിന് ഉച്ചക്ക് 12 ന് മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ. സാംബൻ, ജന്മഭൂമി ഫോട്ടോഗ്രാഫർ ആർ. ജയറാം, മാതൃഭൂമി റിപ്പോർട്ടർ റിയ ബേബി, മനോരമ ചാനലിലെ ക്യാമറാമാൻ രമേശ് മണി, എ ബി സി മലയാളം ചീഫ് എഡിറ്റർ വടയാർ സുനിൽ എന്നിവർക്ക് മുൻമന്ത്രി വി. എം. സുധീരൻ നൽകും. 2.30-ന് നടക്കുന്നപുരാണ കഥാചർച്ചയിൽ ചന്ദ്രിക സി.മേനോൻ, ഗീതചന്ദ്രൻ, ശ്രീദേവി എന്നിവർ പങ്കെടുക്കും. മൂന്നിന് ആഹാരത്തിലെ അത്ഭുതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ഷെഫ് നളൻ സംവദിക്കും.
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയും നെഹ്റു പുസ്തകാലയയും ചേർന്ന് നവംബർ മൂന്ന് നാല്, ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മുതൽ വിവിധ ക്ലാസുകൾ പുസ്തകോത്സവവേദിയിൽ സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ ബുക്ക് ട്രസ്റ്റിന്റെ സർട്ടിഫിക്കറ്റ് നൽകും.

നവംബർ അഞ്ചിന് രാവിലെ 10-ന് ആരംഭിക്കുന്ന പരിസ്ഥിതി സെമിനാറിൽ കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ, ഡോ. എൻ. സി. ഇന്ദുചൂഡൻ, ഡോ. സി. എം. ജോയ്, ഡോ. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
ആറാം തീയതി രാവിലെ പത്തിന് നടക്കുന്ന സംസ്കൃത സെമിനാറിൽ ഡൽഹി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ശ്രീനിവാസ് വർഖേഡി, ഡോ. എ. ഉണ്ണികൃഷ്ണൻ, ഡോ. കെ. എൻ. പത്മകുമാർ, ഡോ. ഇ. എൻ. ഈശ്വരൻ, ഡോ. റാണി ചാക്കോ എന്നിവർ പങ്കെടുക്കും. വൈകിട്ട് നാലിന് കൊച്ചി ലിറ്ററേച്ചർ ഫെസ്റ്റിവൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. എം. സി. ദിലീപ് കുമാർ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ എന്നിവർ പങ്കെടുക്കും.
അന്ന് വൈകിട്ട് 6.15 ന് ലാൽ ജോസ്, എം. ആർ. രാജകൃഷ്ണൻ എന്നിവർ സിനിമ അനുഭവങ്ങൾ പങ്കുവയ്‌ക്കും.
നവംബർ ഏഴിനു രാവിലെ 10-ന് റിസർവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാമ്പത്തിക ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് റിസർവ് ബാങ്കിന്റെ സർട്ടിഫിക്കറ്റ് നൽകും. തുടർന്നു നടക്കുന്ന വ്യത്യസ്ത സംവാദങ്ങളിൽ ബി. എം. സുഹ്‌റ, എം. ടി. രമേശ് എന്നിവർ പങ്കെടുക്കും. വൈകീട്ട് നാലിന് ‘ജൂൺ 18, ക്രാന്തി യാത്ര’ പുസ്തക പ്രകാശനവും ലക്ഷ്മിദാസ് ബോർക്കർ അനുസ്മരണവും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. ആർ.എസ്. ഭാസ്കർ, കെ. പി. പത്മകുമാർ, ടി. ജെ.വിനോദ്. എം. എൽ. എ. എന്നിവർ സംസാരിക്കും.
വൈകിട്ട് 5.30ന് ഈ വർഷത്തെ ബാലാമണിയമ്മ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ഡോ. എം. എം. ബഷീറിന് തമിഴ് സാഹിത്യകാരനും ഗാന രചയിതാവുമായ വൈരമുത്തു സമർപ്പിക്കും. നോവലിസ്റ്റ് സേതു, ഹൈബി ഈഡൻ എം.പി, തിരക്കഥാകൃത്ത് എസ്. എൻ. സ്വാമി എന്നിവർ പ്രസംഗിക്കും. 7.15-ന് എം. ടി. വാസുദേവൻ നായർ അനുസ്മര പ്രഭാഷണം ഡോ. കെ. ശ്രീകുമാർ നടത്തും. എം.ടി.യുടെ കഥാവതരണം പ്രിയരാജ് നിർവഹിക്കും.
നവംബർ എട്ടിന് വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും. ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിദഗ്ധരായ ഡോ.ജെ. ലത, ഡോ. കെ. ശിവപ്രസാദ് എന്നിവർ സംസാരിക്കും. ആർഎസ്എസിന്റെ നൂറാം വർഷം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വർഷം, വൈക്കം സത്യാഗ്രഹം ആഖ്യാനങ്ങൾക്കപ്പുറം എന്നീ വിഷയങ്ങളിലും സെമിനാറുകൾ നടക്കും. നോവൽ, ബാലസാഹിത്യം, ഹാസ്യ സാഹിത്യം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ജെ. നന്ദകുമാർ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുൻ ഡിജിപി ജേക്കബ് തോമസ്, കളക്ടർ ബ്രോ പ്രശാന്ത് നായർ, ശ്രീജിത്ത് പണിക്കർ, ഡോ. കെ. ജയപ്രസാദ്, ശ്രീമൂലനഗരം മോഹനൻ, ഇ. പി. ശ്രീകുമാർ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ഈ വർഷത്തെ കെ രാധാകൃഷ്ണൻ പുരസ്കാരം അനിൽ കാവാലത്തിന് നവംബർ ഒമ്പതിന് വൈകിട്ട് നാലിന് പായിപ്ര രാധാകൃഷ്ണൻ സമർപ്പിക്കും. അമ്പതിൽപരം പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.
നവംബർ പത്തിന് രാവിലെ 10. 30 ന് മാടമ്പു കുഞ്ഞുകുട്ടൻ പുരസ്കാരസഭയും മലയാള സാഹിത്യകാര സംഗമവും നടക്കും. ഉച്ചയ്‌ക്ക് രണ്ടിന് ബഹുഭാഷാ സംഗമവും 3.30 നു ഡോ. ഗോപിനാഥ് പനങ്ങാടിന്റെ നേതൃത്വത്തിൽ വിവിധ ഹാസ്യസാഹിത്യകാരന്മാർ പങ്കെടുക്കുന്ന ‘ചിരിച്ചു പിരിയാം’ എന്ന പരിപാടിയും നടക്കും.
പുസ്തകോത്സവത്തിൽ ഹാർപ്പർ കോളിൻസ്, പെൻഗ്വിൻ റാൻഡം ഹൗസ്, പെഗാസസ്, പാൻ മാക്മില്ലൻ ഇന്ത്യ, ബുക് ഫോർഡ് പബ്ലിക്കേഷൻസ്, പ്രകാശ് ബുക്സ് ഇന്ത്യ, എൻ. ബി. ടി. ഇന്ത്യ, കേന്ദ്ര സാഹിത്യ അക്കാദമി, മോത്തിലാൽ ബനാർസി ദാസ്, കൃഷ്ണമൂർത്തി ഫൗണ്ടേഷൻ, ഡി.സി.ബുക്സ്, മാതൃഭൂമി ബുക്സ്, മനോരമ ബുക്സ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, എൻ. ബി. എസ്., കേരള സാഹിത്യ അക്കാദമി, ഐ. പി. എച്ച്, പ്രഭാത് ബുക്സ്, കുരുക്ഷേത്ര ബുക്സ്, ബാലസാഹിത്യ പ്രസാധകരായ അമർചിത്രകഥ, ഡൽഹി നെഹ്റു പുസ്തകാലയ തുടങ്ങി ഇരുന്നൂറിലധികം പുസ്തക പ്രസാധകർ പങ്കെടുക്കും.
ഗുജറാത്തിൽ നിന്നുള്ള ഗ്രാമശ്രീ 22 സംസ്ഥാനങ്ങളുടെ തനിമയാർന്ന ഉൽപ്പന്നങ്ങൾ പുസ്തകോത്സവ നഗരിയിൽ എത്തിക്കും. ക്രാഫ്റ്റ്റൂട്ട് ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. 35000 കരകൗശലക്കാരുടെ രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്ഥാപനമാണ് ക്രാഫ്റ്റ് റൂട്ട്. പുസ്തകോത്സവ ത്തിൽ ആദ്യമായി ഗുജറാത്തി ഭക്ഷണങ്ങളും ഈ വർഷം ലഭിക്കും.















