തിരുവനന്തപുരം
സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് (KASP Health) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആർദ്ര കേരളം അവാർഡുകളുടെ ഭാഗമായി നടന്ന ചടങ്ങിൽ ആരോഗ്യ വീണാ ജോർജ് കാസ്പ് ഹെൽത്ത് (KASP Health) ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.
സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 5 ലക്ഷം രൂപയുടെ പണരഹിതമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന കാസ്പ് പി.എം.ജെ.എ.വൈ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന്, എംപാനൽ ചെയ്ത ആശുപത്രികളിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കിയോസ്‌ക് നേരിട്ട് സന്ദർശിക്കേണ്ടി വരുന്ന നിലയാണ് ഇപ്പോഴുള്ളത്.
എന്നാൽ, കെ-ഡിസ്‌ക് തയ്യാറാക്കിയ ‘കാസ്പ് ഹെൽത്ത്'(KASP Health) എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ, ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനൽ ചെയ്ത ആശുപത്രികൾ, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഗൂഗിൾ-പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.











