കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി. എം. ശ്യാംകുമാര്‍ ആണ് പിന്മാറിയത്.
പിന്മാറുന്നതിനുളള കാരണം വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജഡ്ജി പിന്മാറിയത്.
സിബിഐ അന്വേഷണ ഹര്‍ജി ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. വീണ വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതിനിടെ, മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള സി.എം.ആര്‍.എല്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ദല്‍ഹി ഹൈക്കോടതി ജനുവരി 13ലേക്ക് മാറ്റി. കമ്പനി രജിസ്ട്രാറുടെ അന്വേഷണറിപ്പോര്‍ട്ട് കൈമാറണമെന്ന കരിമണല്‍ കമ്പനിയുടെ ആവശ്യത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയയ്‌ക്കാനും ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
















