തിരുവനന്തപുരം: കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ ഒമ്പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കഴക്കൂട്ടം പൊലീസ് വ്യക്തത തേടി . ആശുപത്രിയുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ വീഴ്ച ഇല്ലെന്നാണ് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനതല മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്.
യുവതിയുടെ ഭര്‍ത്താവിന്റെ പരാതി പ്രകാരം തുമ്പ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു.യുവതിക്ക് കൃത്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാക്കുന്നതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രി ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിക്ക് ബന്ധപ്പെട്ട കോടതിയില്‍ സിവില്‍ കേസ് നല്‍കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ തുടര്‍നടപടിക്ക് ആവശ്യമായ തരത്തില്‍ വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങളെ നേരിട്ടു കണ്ട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിച്ചതെന്നു പൊലീസ് പറഞ്ഞു.
യുവതിയെ ശസ്ത്രക്രിയ കഴിഞ്ഞ് വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതില്‍ താമസമുണ്ടായി എന്ന് ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയെങ്കിലും സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ല. യുവതിയുടെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലെ കോസ്മറ്റിക് ആശുപത്രിയില്‍,സോഫറ്റ്വെയര്‍ എന്‍ജിനീയറായ യുവതി കൊഴുപ്പു നീക്കാനുള്ള ശസ്ത്രക്രിയ നടത്തിയത് ഫെബ്രുവരി 22 നാണ്. പിറ്റേന്നു ക്ഷീണമുണ്ടായെങ്കിലും ഡോക്ടര്‍മാര്‍ കാര്യമായെടുത്തില്ല.അടുത്ത ദിവസം സ്ഥിതി വഷളായതിനെ തുടര്‍ന്നു ക്ലിനിക്കിലെത്തിച്ചു. രക്തസമ്മര്‍ദം കുറഞ്ഞെന്നറിയിച്ച് ക്ലിനിക്കിലെ ഡോക്ടര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്നു ഹൃദയാഘാതം ഉണ്ടായെന്നും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ബന്ധുക്കളെ അറിയിച്ചു. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് 21 ദിവസം യുവതി വെന്റിലേറ്ററില്‍ തുടര്‍ന്നു. പിന്നീട് യുവതിയുടെ ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നു.
















