അന്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഞാന്‍ ആലുവ യു.സി. കോളജില്‍ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലം. ആര്‍ട്ട്‌സ് ക്ലബ്ബ് ഉദ്ഘാടന ചടങ്ങ്. പിന്നീട് സിനിമ നടനായ അബ്ദുല്‍ സത്താറായിരുന്നു അന്ന് സെക്രട്ടറി. റോയി കുര്യന്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍. മുഖ്യ അതിഥി വയലാര്‍ രാമവര്‍മയാണെന്നറിഞ്ഞപ്പോള്‍ അത്യധികം സന്തോഷം തോന്നി. ഇടയ്‌ക്കും മുറയ്‌ക്കും പണിമുടക്കിയിരുന്ന, വീട്ടിലെ പഴയ ഫിലിപ്‌സ് വാല്‍വ് റേഡിയോയിലൂടെ കേട്ടിരുന്ന ചലച്ചിത്രഗാനങ്ങളിലൂടെയും, ഞങ്ങളുടെ ഗ്രാമത്തിലെ അനില്‍കുമാര്‍ ടാക്കീസ് എന്ന ഓല മേഞ്ഞ സിനിമ കൊട്ടകയില്‍ വന്നിരുന്ന ചലച്ചിത്രങ്ങളിലൂടെ കേട്ട ഗാനങ്ങളിലൂടെയും വയലാറിനോട് വലിയ ആരാധനയായിരുന്നു. ഇന്നും മനസ്സില്‍ മറ്റൊരു ഗാനരചയിതാവിനും ആ സ്ഥാനമില്ല.
വയലാറിനെ നേരില്‍ കാണാനുള്ള അത്യാഗ്രഹത്തോടെ, നേരത്തെ തന്നെ ഹാളിലെ മദ്ധ്യഭാഗത്തെ ബഞ്ചിലൊരിടം തരപ്പെടുത്തി. സ്വാഗത പ്രസംഗത്തിന് ശേഷം വയലാര്‍ ഉദ്ഘാടന പ്രസംഗം തുടങ്ങിയ ഉടനെ ഹാളിന്റെ പിന്‍നിരയില്‍ നിന്ന് ‘വയലാര്‍ പാടണം എന്ന് ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചത്തില്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ഉടനെ വയലാര്‍ പറഞ്ഞത് മറന്നിട്ടില്ല. യേശുവിനെ(സാക്ഷാല്‍ യേശുദാസിനെ) പാടാന്‍ വിടാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ബഹളം തുടര്‍ന്നു. വയലാര്‍ പ്രസംഗിക്കാതെ മടങ്ങുമെന്നു തോന്നിയ ആ സമയത്ത് പ്രിന്‍സിപ്പാള്‍ ഡോ. എ.കെ. ബേബി സര്‍ മൈക്കിനടുത്തേക്ക് വന്നു. വയലാറിന്റെ നല്ലൊരു പ്രസംഗം കേള്‍ക്കാന്‍ ഇനി ഒരു അവസരം ലഭിക്കാനിടയില്ലാത്തതിനാല്‍ സദസ് നിശബ്ദമായിരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അച്ചടക്കത്തിന് പേരുകേട്ട കോളജിലെ അദ്ധ്യാപകരുടെ ഒരു സംഘം ഹാളിന്റെ പിന്‍നിരയിലെ ബഹളക്കാരെ നിയന്ത്രിക്കാനെത്തി.
വയലാര്‍ വീണ്ടും മൈക്കിനു മുന്നിലെത്തി. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം.വയലാറിനെ കാണാനും പ്രസംഗം കേള്‍ക്കാനും ഹാളിനകത്തും പുറത്തും തടിച്ചു കൂടിയവര്‍ക്ക് മറക്കാന്‍ കഴിയാത്ത പ്രൗഢഗംഭീരമായ പ്രസംഗം. ആ നില്‍പും ആവേശകരമായ വാക്‌ധോരണിയും ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു വര്‍ഷം അകലെ 1975 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെ 47-ാം വയസ്സില്‍ വയലാര്‍ ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ നേരില്‍ കാണാനും, കുറച്ചു നേരമെങ്കിലും ആ ശബ്ദം ശ്രവിക്കുവാനും അവസരം യുസി കോളേജ് ദിനങ്ങളില്‍ ലഭിച്ചതു മഹാഭാഗ്യമായി എന്ന് ഇന്നും മനസ്സുപറയുന്നു.
അക്കങ്ങളുമായി മല്ലിടുന്ന ബാങ്ക് ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷം ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെയുള്ള ചലച്ചിത്രഗാനങ്ങള്‍ കഴിയുന്നതും കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അതിനിടയിലും വയലാറിന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ ഒരു നിമിഷം യുസിയിലെ ആ ദിവസം ഓര്‍മയിലെത്തും. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്കൂര്‍ മുഴുവന്‍ വയലാറിന്റെ ഗാനങ്ങളായിരുന്നു. വൈകിട്ട് തൃശൂര്‍ ടൗണ്‍ ഹാളില്‍ വയലാര്‍ ഗോള്‍ഡന്‍ ജൂബിലി സ്മരണ എന്ന പരിപാടി. വയലാര്‍ എന്ന നാട് മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചത് വയലാര്‍ രാമവര്‍മയില്‍ക്കൂടി മാത്രമാണ്. ഒരിക്കലും വറ്റാത്ത പാട്ടാറുകള്‍ ഒഴുക്കി വയലാര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് അന്‍പതു വര്‍ഷമാകുന്നു. പക്ഷെ ഇന്നത്തെ കാലത്തും പ്രസക്തി നഷ്ടമാകാത്ത വരികള്‍ അന്‍പതു വര്‍ഷങ്ങള്‍ മുന്‍പ് തന്നെ വയലാര്‍ തന്റെ കാവ്യപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നമ്മള്‍ മലയാളികളുടെ മനസ്സില്‍ വയലാര്‍ രാമവര്‍മയും, അദ്ദേഹത്തിന്റെ വരികളും മായാതെ നില്‍ക്കുക തന്നെ ചെയ്യും. വയലാറിന്റെ വരികള്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് യേശുദാസായിരിക്കും. ഭാഗ്യവാന്‍! അതെ നമ്മുടെ ദാസേട്ടന്റെയും സുശീലാമ്മയുടെയും ഒക്കെ ശബ്ദത്തില്‍ വയലാര്‍ നമ്മുടെ അരികില്‍ത്തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
















