കൊച്ചി: നെല്ല് സംഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഭക്ഷ്യവകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. യോഗത്തിൽ മില്ലുടമകൾ എത്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. സിപിഐ മന്ത്രിമാർ അടക്കമുള്ളവർ യോഗത്തിനെത്തിയിരുന്നു.
സിപിഐയോടുള്ള അതൃപ്തിയാണ് യോഗം മാറ്റിവയ്‌ക്കാൻ കാരണമെന്നാണ് സൂചന. നാളെ തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചു. കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യം, വൈദ്യുതി മന്ത്രിമാരാണ് യോഗത്തിനെത്തിയിരുന്നത്. മില്ലുടമകൾ നെല്ലെടുക്കാത്തത് കാരണം സംഭരണം മുടങ്ങിയ സാഹചര്യത്തിലാണ് യോഗം.
കൈകാര്യ ചെലവ് വർധിപ്പിക്കുക,സംഭരിച്ച നെല്ല് അരിയാക്കി തിരികെ സപ്ലൈകോയ്‌ക്കു നൽകുന്നതിന്റെ ശതമാനം 68ൽ നിന്ന് 64.5 ആക്കുക,പാലക്കാട് മില്ലുകാരുടെ മേൽ ചുമത്തിയ ജി.എസ്.ടി പിൻവലിക്കുക തുടങ്ങിയവയാണ് മില്ലുടമകളുടെ സംഘടനകൾ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങൾ. സമവായം ഉണ്ടാക്കുന്നതിനായി മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ജി.ആർ.അനിലും മില്ലുടമകളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
















