തിരുവനന്തപുരം: ചെസ്റ്റ് നമ്പര്‍ 1040.. കേരള സ്‌കൂള്‍ കായികമേളയിലെ സീനിയര്‍ ബോയ്‌സ് പോള്‍വോള്‍ട്ട് ടെക്‌നിക്കല്‍ ഒഫിഷ്യല്‍സ് വിളിച്ചപ്പോള്‍ നിറ കണ്ണുകളോടെ പാസ് പറഞ്ഞു അലന്‍. ആരും കാണാതെ കണ്ണീരുതുടച്ചുകൊണ്ട് ഗ്രൗണ്ടിന്റെ ഓരം പറ്റി അവന്‍ ഇരുന്നു. ക്രോസ് ബാറിന്റെ ഉയരം 2.40 മീറ്ററില്‍ നിന്ന് തന്റെ മികച്ച പെര്‍ഫോമന്‍സായ 3.10 മീറ്ററും കടന്നപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുപോയി. അവനും അവര്‍ക്കൊപ്പം മത്സരിക്കേണ്ടതാണ്. പക്ഷെ അവന് കുതിച്ചു ചാടാന്‍ പോളില്ല. ഒറ്റയ്‌ക്ക് ഇടുക്കിയില്‍ നിന്നുപോരുമ്പോള്‍ അവന്‍ പരിശീലിച്ച മുളന്തണ്ട് കൊണ്ടുവരാനുമായില്ല. മത്സരത്തിനിറങ്ങാതെ കാഴ്ചക്കാരനായി ഇരിക്കാനേ അവനു കഴിയുമായിരുന്നുള്ളൂ.
അലന്റെ പെര്‍ഫോമന്‍സ് കാണാന്‍ അവന്റെ പഴയ പരിശീലകന്‍ അമല്‍ജോര്‍ജ് എത്തിയപ്പോഴാണ് അവന്‍ മത്സരത്തിന് ഇറങ്ങാത്തത് ശ്രദ്ധയില്‍പ്പെട്ടതും പോള്‍ ഇല്ലെന്ന് അറിയുന്നതും. ഉടനെ ഇടുക്കിയിലെ തന്നെ കരിമണ്ടൂര്‍ സെന്റ് ജോസഫിലെ ജസ്‌വിനില്‍ നിന്നും പോള്‍ വാങ്ങി നല്‍കി. പക്ഷെ അപ്പോഴേക്കും ക്രോസ് ബാറിന്റെ ഉയരം 3.40 മീറ്ററായിരുന്നു. ആകെ തകര്‍ന്നിരുന്ന അവനെ അധ്യാപകര്‍ നിര്‍ബന്ധിച്ച് മത്സരത്തിനിറക്കി. പക്ഷെ മാനസികമായി തകര്‍ന്നുപോയ അവന് ആ ഉയരത്തിനൊപ്പം പറക്കാനായില്ല. മുളന്തണ്ടില്‍ മാത്രം പരിശീലിച്ച അവന് പോള് വഴങ്ങാതെ വന്നു. ഇതോടെ മൂന്ന് ചാട്ടവും ഫൗളായി. സര്‍വ്വതും തകര്‍ന്ന് അവന്‍ ഗ്രൗണ്ടിലേക്ക് ഇരുന്ന് കരഞ്ഞുപോയി.
ഇടുക്കി മാങ്കടവ് കാര്‍മല്‍മാതാ സ്‌കൂളിലാണ് പത്തുവരെ അലന്‍ പഠിച്ചത്. അവിടത്തെ കായിക അധ്യാപകന്‍ അമല്‍ജോര്‍ജ്ജിന്റെ കീഴിലായിരുന്നു പരിശീലനം. ജൂനിയര്‍വിഭാഗത്തില്‍ മൂന്ന് തവണ സംസ്ഥാനതലത്തില്‍ മത്സരത്തിന് യോഗ്യതനേടിയതാണ്. അതും ജില്ലയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ. പ്ലസ് വണ്ണിനായപ്പോള്‍ അടിമാലി എസ്എന്‍ഡിപി സ്‌കൂളിലേക്ക് മാറി. അവിടെ പരിശീലന സൗകര്യം ഇല്ലാത്തതിനാല്‍ ജില്ലാ കായികമേളയ്‌ക്ക് പോകുമുമ്പേ ഒരു ദിവസം മാത്രം അമല്‍ജോര്‍ജിന്റെ അടുത്തെത്തി. അവിടെയും പോള്‍ ഇല്ലാത്തതിനാല്‍ മുളന്തണ്ടുപയോഗിച്ച്പരിശീലിച്ച് ചാടി സംസ്ഥാനത്തേക്ക് എത്തി. ഒന്നര ലക്ഷത്തോളം ചെലവിട്ട് പോള്‍വാങ്ങാനുള്ള വരുമാനം അലന്റെ മാതാപിതാക്കളായ ഷിബോയി-ആശ ദമ്പതികള്‍ക്കില്ല.
ഇത് അലന്റെ മാത്രം പ്രശ്‌നമല്ല ഒരുപരിധിവരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന കായിക താരങ്ങളുടെ ദുരവസ്ഥയാണ്. സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ കായിക പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല. ഹൈടെക് സ്‌കൂളുകളില്‍ പോലും പോളോ പോള്‍ബഡ്ഡോ ഇല്ലാതെ മുളന്തണ്ടില്‍ കുത്തി ഗ്രൗണ്ടിലേക്ക് ചാടിയാണ് പരിശീലനം. പത്താംക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് സര്‍ക്കാര്‍സ് കൂളിലാണ് പ്രവേശനമെങ്കില്‍ അതോടെ പോള്‍വോള്‍ട്ട് സ്വപ്‌നം മാത്രമല്ല, കായിക പരിശീലനം തന്നെ നിലയ്‌ക്കും. ഹയര്‍സെക്കന്‍ഡറിയില്‍ കായിക അധ്യാപക തസ്തികയേയില്ല. ഇതോടെ അലനെ പോലുള്ളവര്‍ക്ക് കായികമോഹം സ്വപ്
നം മാത്രമാകും.
















