തിരുവനന്തപുരം: (27-10-2025) ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തുടരുന്നതിനിടെ കണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. വീണ്ടെടുത്ത സ്വർണത്തിന്റെ കാലപ്പഴക്കം കണ്ടെത്താനുള്ളപരിശോധന നടത്തുമെന്നും എസ്ഐടി അറിയിച്ചു. ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്ന് 400 ഗ്രാമിലേറെ സ്വർണമാണ് എസ്ഐടി കണ്ടെടുത്തത്.
ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ബംഗളുരുവിലെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത 176 ഗ്രാമിന്റെ 9 ആഭരണങ്ങളും, വീട്ടിൽ നിന്നും പിടികൂടിയ സ്വർണ നാണയങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കും.പോറ്റി സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ ഇടപാടുകൾ എസ്‌ഐആടി അന്വേഷിക്കും. പോറ്റിയുമായി സ്മാർട്ട് ക്രിയേഷൻസ് സ്വർണ ഇടപാടുകൾ നടത്തിയതായാണ് രേഖകൾ പറയുന്നത്. സ്‌പോൺസർഷിപ്പ് രേഖകളും കണ്ടെടുത്തവയിൽ ഉൾപ്പെടും. സ്‌പോൺസർഷിപ്പിന്റെ ഉറവിടവും പരിശോധിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളുരുവിലുണ്ടായിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളെ സംബന്ധിച്ചും എസ്ഐടി അന്വേഷണം നടത്തിയിരുന്നു. കേസിൽ വരും ദിവസങ്ങൾ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുള്ള സന്നിധാനത്തെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കൂടുത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നാണ് വിലയിരുത്തൽ.
ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയ കേസിൽ 10 പ്രതികളാണുള്ളത്. ഇവരിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിനെയും മാത്രമേ നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളു. കേസിൽ മുൻ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണർമാർ, അഡിമിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരിലേക്കാവും ഇനി അന്വേഷണം നീളുക. കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് എസ്ഐടി സംഘം നിർണായകമായ ചില രേഖകൾ കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങളാണ് കണ്ടെത്തിയവയിൽ ഉൾപ്പെടുന്നത്.
















