കൊല്ലം: ഉത്സവ എഴുന്നള്ളത്തിനായി ദേവസ്വങ്ങള്‍ക്ക് ആനകളെ ഇതരസംസ്ഥാനത്ത് നിന്ന് എത്തിക്കുന്നതിന്റെ തടസങ്ങള്‍ ഉടന്‍ നീങ്ങും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് ഇതിനായി നീക്കങ്ങള്‍ ആരംഭിച്ചു.
ഗുരുവായൂര്‍, പാറമേക്കാവ്, തിരുവമ്പാടി തുടങ്ങിയ ദേവസ്വങ്ങള്‍ക്കും, മേജര്‍ ക്ഷേത്രങ്ങള്‍ക്കും എഴുന്നള്ളത്തിന് ആനകളെ എത്തിക്കുന്നതിന് ഒരു മാസത്തിനകം തീരുമാനം ഉണ്ടാകും. ഉടമസ്ഥാവകാശ രേഖ സംബന്ധിച്ച ആശയക്കുഴപ്പമാണ് നിലവില്‍ ഉണ്ടായിരുന്നത്. അത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം എത്തണം. ആഴ്ചകള്‍ക്കകം സ്‌പെഷ്യല്‍ ഉത്തരവ് പുറത്തിറങ്ങും.
വ്യക്തികള്‍ക്ക് ആനകളെ കൊണ്ടുവരുന്നത് സംബന്ധിച്ച തീരുമാനം പിന്നീട് പരിഗണിക്കും. തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ബീഹാര്‍, ആസാം, അരുണാചല്‍ തുടങ്ങി നാട്ടാനകള്‍ ഉള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ കേരളത്തിന്റെ പ്രത്യേക സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും. ആനകളെ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും അനധികൃത കൈമാറ്റം അവസാനിപ്പിക്കും.
ഇതോടെ ഇവിടേക്ക് എത്തുന്ന ആനകള്‍ പൂര്‍ണമായും വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
















