സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തുലാവർഷമഴയ്‌ക്കിടെ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണിയും നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂന മർദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഞായറാഴ്ചയോടെ ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദമായും ശേഷം ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കർണാടക – വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദവുമായി ചേർന്നു.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു.
ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 25-നകം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാനും, ഒക്ടോബർ 26-നകം തീവ്രന്യൂനമർദമായും, തുടർന്ന് ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
















