കൊച്ചി : ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. കേരള ലളിത കലാ അക്കാദമി ചെയര്‍മാന്റെ പരാതിയിലാണ് നടപടി. ഹനാന്‍ ബെനാമറിന്റെ പ്രദര്‍ശനം അശ്ലീലം എന്നാരോപിച്ച് പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്.
കുറ്റകൃത്യം ചെയ്യുക എന്ന ഉദ്ദേശത്തോടെ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്ന വകുപ്പിലാണ് കേസ്. ഹോചിമിന്‍ പി എച്ച് , സുധാംശു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമ നടപടി ആവശ്യപ്പെട്ട് കേരള ലളിതകലാ അക്കാദമി സിറ്റി കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കിയ സാഹചര്യത്തിലാണ് കേസെടുത്തത്.കഴിഞ്ഞ രാത്രി ഏഴു മണിക്കായിരുന്നു സംഭവം. ആര്‍ട്ട് ഗാലറി അടയ്‌ക്കാറായപ്പോള്‍ രണ്ട് പേര്‍ കയറി വന്നു ലിനോ കട്ടുകള്‍ കീറിയെറിയുകയുമായിരുന്നു.
അവരുടെ ഭാഷയിലായിരുന്നു ലിനോ കട്ടുകള്‍ തയാറാക്കിയത്. പിന്നീട് അത് ഇവിടെ പ്രദര്‍ശിപ്പിക്കാനായി ഗൂഗിള്‍ ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അതാണ് കീറിയെറിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ലൈവ് ഇട്ടാണ് ഇവര്‍ ആര്‍ട്ട് ഗാലറിയില്‍ എത്തിയത്.
















