തിരുവനന്തപുരം: ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ്ങിന്റെ അക്രഡിറ്റേഷനില്‍ രാജ്യത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് കരസ്ഥമാക്കി. ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, അക്കാദമിക് മികവ്, പഠന-ഗവേഷണ മേഖലയിലെ മികച്ച പ്രവര്‍ത്തനം, ചികിത്സാ സംവിധാനങ്ങളുടെ കാര്യക്ഷമത, അധ്യാപക-വിദ്യാര്‍ഥി മികവ് എന്നിവ പരിശോധിച്ചാണ് ദേശീയ അംഗീകാരം നല്‍കുന്നത്. കേരള ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന 17 ആയുര്‍വേദ കോളേജില്‍ രണ്ടാം സ്ഥാനവും ദേശീയതലത്തില്‍ 19-ാം സ്ഥാനവുമാണ് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് കരസ്ഥമാക്കിയത്.













