കൊച്ചി: കപ്പല്‍ നിര്‍മാണ മേഖലയില്‍ ഭാരതം ആഗോള ശക്തിയായി മാറുകയാണെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ.് നായര്‍. കപ്പല്‍ നിര്‍മാണരംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലെത്താന്‍ വിഭാവനം ചെയ്ത മാരിടൈം ഇന്ത്യ വിഷന്‍ 2030ന്റെ ഭാഗമായി കൊച്ചിയില്‍ ഷിപ്പ് ബില്‍ഡിങ് സമിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കപ്പല്‍ നിര്‍മാണ രംഗത്തെ ഭൂരിഭാഗവും കൈയാളുന്ന ജപ്പാനും ദക്ഷിണ കൊറിയയും കടുത്ത തൊഴിലാളി ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. വൈദഗ്ധ്യവുമുള്ള തൊഴിലാളികള്‍, ശക്തമായ സമ്പദ്വ്യവസ്ഥ, അതിവേഗം വളരുന്ന ആഭ്യന്തര വിപണി എന്നിവയുള്ള ഭാരതത്തിന് കപ്പല്‍ നിര്‍മാണ മേഖലയില്‍ ബഹുദൂരം മുന്നേറാനാകും. നാവികസേനയ്‌ക്കു പുറമെ വിവിധ രാജ്യങ്ങള്‍ക്കും വേണ്ടിയും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കപ്പലുകള്‍ നിര്‍മിച്ചു നല്‍കുന്ന കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ പ്രവര്‍ത്തനം മാരിടൈം ഇന്ത്യ വിഷന് ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിപിആര്‍ ചെയര്‍മാന്‍ ഡോ. ഡി ധനുരാജ് മുഖ്യപ്രഭാഷണം നടത്തി. ഗവേഷണം, നൈപുണ്യ വികസനം, ആഗോള പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കുന്നത് കപ്പല്‍ നിര്‍മാണ രംഗത്ത് ഭാരതത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ അത്യന്താപേഷിതമാണെന്ന് ഡോ. ഡി ധനുരാജ് പറഞ്ഞു. മുന്‍ നാവികസേന വൈസ് അഡ്മിറലും നാഷണല്‍ മാരിടൈം സെക്യൂരിറ്റി കോര്‍ഡിനേറ്ററുമായ ജി. അശോക് കുമാര്‍, മസഗോണ്‍ ഡോക്ക് ഷിപ്ബില്‍ഡേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ബിജു ജോര്‍ജ്, സ്മാര്‍ട്ട് എന്‍ജിനീയറിങ് ആന്‍ഡ് ഡിസൈന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് സിഒഒ ഹരിരാജ്. പി, കുസാറ്റിലെ നേവല്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫ. ഡോ. സതീഷ് ബാബു പി.കെ എന്നിവര്‍ സംസാരിച്ചു. ബിറ്റ്സ് പിലാനി ഗോവ കാമ്പസ് പ്രൊഫ ഡോ. ആര്‍.പി. പ്രധാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
















