ന്യൂദല്‍ഹി: ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്‌ക്ക് ഭാരത സൈന്യം ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ദല്‍ഹിയിലെ പൈപ്പിങ് ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് ബഹുമതി കൈമാറി.
കായിക മേഖലയില്‍ നീരജ് ചോപ്രയുടെ അസാധാരണ നേട്ടങ്ങളെ ആദരിച്ചുകൊണ്ടാണ് ഈ അംഗീകാരം. ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നു. 2016 ഓഗസ്റ്റ് 26ന് നീരജ് ഭാരത സൈന്യത്തില്‍ നായിബ് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നു. രണ്ട് വര്‍ഷത്തിന് ശേഷം അത്ലറ്റിക്‌സിലെ നേട്ടങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.
തുടര്‍ന്ന് 2021ല്‍ കായിക മേഖലയിലെ പ്രകടനത്തിന് ഖേല്‍ രത്ന ലഭിച്ചു. 2021ല്‍ നീരജിന് സുബേദാര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2020 ടോക്കിയോ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ നേടിയതിന് ശേഷം, 2022ല്‍ സൈന്യം പരം വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ചു. 2022ല്‍ സുബേദാര്‍ മേജറായി. അതേ വര്‍ഷം തന്നെ പദ്മശ്രീ സമ്മാനിച്ച് രാജ്യം ആദരിച്ചു.
2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഭാരത അത്ലറ്റായി ചരിത്രം സൃഷ്ടിച്ചു.
















