തിരുവനന്തപുരം: തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള അച്ചടിസാമഗ്രികളുടെ വിതരണത്തിലും ഉപയോഗത്തിലും പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ഹരിതചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത അച്ചടിസാമഗ്രികളുടെ വിതരണക്കാരുടെയും ഡീലര്‍മാരുടെയും പ്രിന്റര്‍മാരുടെയും സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്ന കമ്മീഷണര്‍.
ബാനറുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പ്രിന്റ് ചെയ്യുന്നവരും ഡീലര്‍മാരും നിയമപരമായി അംഗീകരിക്കപ്പെട്ട പുനഃചക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എല്ലാ അച്ചടി പ്രചാരണസാമഗ്രികളിലും പ്രിന്ററുടെയും പ്രസാധാകന്റെയും പേരും, എത്ര കോപ്പി അച്ചടിക്കുന്നുവെന്നിതിന്റെയും വിവരങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടാകുന്ന മാലിന്യം തരംതിരിച്ച് ശേഖരിച്ച്, ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാനും എല്ലാവര്‍ക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി.ജോസ് അഭിപ്രായപ്പെട്ടു.
















