കോഴിക്കോട്: താമരശ്ശേരിയിലെ അമ്പായത്തോട്ടിലുള്ള അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ട് വീണ്ടും തുറന്നതോടെ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ ഫാക്ടറിക്ക് തീവെച്ചു. ഫയർഫോഴ്‌സ് എത്തി തീകെടുത്തി.
പ്രതിഷേധം സംഘർഷമായപ്പോൾ പോലീസും നാട്ടുകാരും ഏറ്റുമുട്ടി. എസ്‌ഐ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. നാട്ടുകാർക്കും പരിക്കുണ്ട്.
ഫ്രഷ്‌കട്ട് വീണ്ടും അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷമായ്. പ്രതിഷേധം മറികടന്നു ഫാക്ടറിക്കുള്ളിലേക്കു പോകാൻ ശ്രമിച്ച കമ്പനി വാഹനത്തിന് പോലീസ് സംരക്ഷണം നൽകി. തുടർന്ന് നാട്ടുകാർ വാഹനത്തിന് കല്ലെറിഞ്ഞു. കൂടുതൽ പോലീസുകാർ എത്തിയതോടെ നാട്ടുകാരും സംഘടിച്ചു.
പ്രതിഷേധക്കാരുടെ കല്ലേറിൽ താമരശ്ശേ സിഐ: സായുജ് അടക്കമുള്ളവർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നിരവധി തവണ ടിയർഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. പ്രകോപിതരായ പ്രതിഷേധക്കാർ ഫാക്ടറിക്ക് തീയിട്ടു.
ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്. ഫാക്ടറി പൂർണമായി അടച്ചുപൂട്ടി നിർത്തിവെക്കണമെന്നാണ് ആവശ്യം.












