കോഴിക്കോട്: കോഴിക്കോട് പാളയം മാർക്കറ്റിൽ വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം. പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. പുതിയ മാർക്കറ്റിനെ അനുകൂലിക്കുന്നവരും സ്ഥലത്ത് പ്രകടനം നടത്തുന്നുണ്ട്. പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാൻ അൽപ്പം സമയം മാത്രം ബാക്കി നിൽക്കുന്നതിനിടെയാണ് തൊഴിലാളികളുടെയും കച്ചവടക്കാരുടെയും പ്രതിഷേധം നടക്കുന്നത്.
പ്രതിഷേധത്തിനിടെ പുതിയ മാർക്കറ്റിനെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പുതിയ മാർക്കറ്റ് അനുകൂലികളെ പ്രതിഷേധക്കാർകൂകി വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തടയാനെത്തിയ പോലീസുമായും ഉന്തും തള്ളുമുണ്ടായി. അതേസമയം തങ്ങൾ സമരവുമായി മുന്നോട്ട്പോകുക തന്നെ ചെയ്യുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിഷേധക്കാർ. അതേസമയം, വിഷയത്തിൽ വ്യാപാരികളുമായി ചർച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചിട്ടുണ്ട്.
അതേസമയം, പാളയം മാർക്കറ്റുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും കച്ചവടക്കാരുടെയും പ്രതിഷേധം നടക്കുന്നതിനിടെ മുഖ്യമന്ത്രി പുതിയ മാർക്കറ്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ശേഷം നടത്തിയ പ്രസംഗത്തിൽ പ്രതിഷേധത്തെ മുഖ്യമന്ത്രി തള്ളുകയും ചെയ്തു. നല്ലത് കണ്ടാൽ അംഗീകരിക്കാൻ ചില ആളുകൾക്ക് പ്രയാസമാണെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളതെന്നും പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നവരിൽ ചില ആളുകൾ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടത് അല്ലേ? ഇന്നും മുഖ്യമന്ത്രി ചോദിച്ചു.മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ് അത് കഴിഞ്ഞാൽ വികസനത്തെ പിന്തുണക്കണം. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നു. കോൺഗ്രസ് -ലീഗ് അംഗങ്ങൾ ആരും പരിപാടിയിൽ പങ്കെടുത്തില്ല. സ്ഥലം എംപിയും പരിപാടിയിൽ ഇല്ല.
എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം?. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കണ്‍മുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങൾ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.













