പട് ന : കോണ്‍ഗ്രസും ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും ചേരുന്ന മഹാഘട്ബന്ധനില്‍ കോണ്‍ഗ്രസിന് 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9 സീറ്റുകള്‍ കുറവ്. 70 സീറ്റുകള്‍ക്ക് വേണ്ടി വാദിച്ച കോണ്‍ഗ്രസ് ഒടുവില്‍ ദൗര്‍ബല്യം ഏറ്റെടുത്ത് 61 സീറ്റുകളില്‍ ഒതുങ്ങാന്‍ തയ്യാറാവുകയായിരുന്നു.
എന്തായാലും മഹാഘട്ബന്ധനില്‍ വലിയ അസ്വാരസ്യം സൃഷ്ടിച്ച് 143 സീറ്റുകളില്‍ ലാലുപ്രസാദ് യാദവ്- നിതീഷ് യാദവ് നേതൃത്വത്തിലുള്ള ആര്‍ജെഡിയില്‍ മത്സരിക്കും. ഇതിനോട് കോണ്‍ഗ്രസിനും മുകേഷ് സഹാനിയുടെ വിഐപിയ്‌ക്കും കടുത്ത അതൃപ്തിയുണ്ട്. മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും നേര്‍ക്കു നേര്‍ മത്സരിക്കുന്നുണ്ട്. ഇത് അണികളില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
നര്‍കാട്ടിയഗഞ്ചില്‍ ദീപക് യാദവ് (ആര്‍ജെഡി) ശാശ്വത് കേദാല്‍ പാണ്ഡെ (കോണ്‍ഗ്രസ്)യുമായി ഏറ്റുമുട്ടുന്നു. കഹല്‍ഗോണില്‍ രജനീഷ് ഭാരതി (ആര്‍ജെഡി) പ്രവീണ്‍ സിങ്ങ് കുശ് വാഹ (കോണ്‍ഗ്രസ്)യുമായി മത്സരിക്കും. സികന്ദ്ര മണ്ഡലത്തില്‍ ഉദയ് നാരായണ്‍ ചൗധരി (ആര്‍ജെഡി) വിനോദ് ചൗധരി (കോണ്‍ഗ്രസ്) യുമായി നേര്‍ക്കുനേര്‍ പോരാടും. വൈശാലി, വരിസാലിഗഞ്ച്, ലാല്‍ഗഞ്ച് എന്നിവിടങ്ങളിലും കോണ്‍ഗ്രസ്-ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നുണ്ട്. ബച് വാര, രാജപകര്‍, റോസെര, ഭര്‍ഷാരിഫ് എന്നീ സീറ്റുകളില്‍ ഒരേ മുന്നണിയില്‍പെട്ട സിപിഐയും കോണ്‍ഗ്രസും നേരിട്ട് മുട്ടുന്നു.
മുസ്ലിം-യാദവ് ഫോര്‍മുലയാണ് ആര്‍ജെഡി ഇക്കുറിയും പരീക്ഷിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ആര്‍ജെഡി എംപിയും പഴയ ഗുണ്ടാനേതാവുമായ മുഹമ്മദ് ഷഹാബുദ്ദീന്റെ മകന് സീറ്റ് നല്‍കിയിട്ടുണ്ട്.
ലാലുപ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിനെതിരെ ആര്‍ജെഡി മുകേഷ് റോഷനെ നിര്‍ത്തിയിരിക്കുന്നു. ഇത് ലാലു കുടുംബത്തിനകത്ത് വലിയ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അണികള്‍ക്കിടയിലും ആശയക്കുഴപ്പം ുണ്ടാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിക്കാത്തതും വലിയ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. മഹാഘട്ബന്ധനിലെ ആശയക്കുഴപ്പവും തമ്മില്‍തല്ലും എന്‍ഡിഎയ്‌ക്ക് അനുകൂലമാകും.
നവമ്പര്‍ ആറിനും നവമ്പര്‍ 14നും രണ്ട് ഘട്ടങ്ങളില്‍ ആയാണ് തെരഞ്ഞെടുപ്പ് നടക്കുക.
















