മുംബൈ : ഓപ്പറേഷൻ ഗോൾഡൻ സ്വീപ്പ് നടപടിയുടെ ഭാഗമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ജീവനക്കാരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്വർണ്ണ കള്ളക്കടത്ത് റാക്കറ്റിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) മുംബൈ സോണൽ യൂണിറ്റ് കണ്ടെത്തി. ഈ സംഘടിത കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്നാരോപിച്ച് എയർപോർട്ട് ക്ലീനിംഗ് ജീവനക്കാരായ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐയുടെ മുംബൈ സോണൽ യൂണിറ്റ് വിമാനത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്ലീനിംഗ് സ്റ്റാഫിൽ സൂക്ഷ്മമായ നിരീക്ഷണം ഏർപ്പെടുത്തി. പരിശോധനയ്‌ക്കിടെ ഒരു വിമാനം വൃത്തിയാക്കിയ ശേഷം ഒരു ജീവനക്കാരൻ സംശയാസ്പദമായി പെരുമാറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ അയാളെ തിരയാൻ തുടങ്ങിയപ്പോൾ അയാൾ പെട്ടെന്ന് ഒരു എയ്‌റോബ്രിഡ്ജ് സ്റ്റെയർകേസിൽ കയറി മടങ്ങുന്നതിന് മുമ്പ് ഒരു ചെറിയ പാക്കറ്റ് ഒരു മൂലയിൽ ഒളിപ്പിക്കാൻ ശ്രമിച്ചു.
ഇത് സൂക്ഷമം നിരീക്ഷ ഉദ്യോഗസ്ഥർ ഉടൻ പാക്കറ്റ് കണ്ടെടുത്തു. മെഴുക് രൂപത്തിലുള്ള സ്വർണ്ണപ്പൊടി, വെള്ള തുണിയിൽ പൊതിഞ്ഞ് എയ്റോബ്രിഡ്ജിന്റെ മുകൾ മൂലയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 1.2 കിലോഗ്രാം ഭാരമുള്ള 1.6 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇതിലുണ്ടായിരുന്നത്. പിന്നീട് ക്ലീനിംഗ് ക്രൂവിന്റെ ടീം ലീഡറെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ സ്വർണം കണ്ടെത്താതിരിക്കാൻ ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചു.
തന്റെ സൂപ്പർവൈസർ വിമാനത്തിൽ നിന്ന് കടത്തിയ സ്വർണം വീണ്ടെടുത്ത് ഒളിപ്പിക്കാൻ തനിക്ക് കൈമാറിയതായും ഇയാൾ വെളിപ്പെടുത്തി. തുടർന്ന് അതിവേഗം പ്രവർത്തിച്ച ഡിആർഐ ഉദ്യോഗസ്ഥർ സൂപ്പർവൈസറെയും പിടികൂടി. ഒരു വലിയ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള അന്താരാഷ്‌ട്ര യാത്രക്കാരാണ് റാക്കറ്റിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഈ യാത്രക്കാർ ഇറങ്ങുന്നതിന് മുമ്പ് വിമാനത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചെന്നാണ് ആരോപണം. എയർപോർട്ട് സ്റ്റാഫിന് അംഗീകൃത പ്രവേശനം ഉള്ളതിനാൽ സ്വർണ്ണം വീണ്ടെടുക്കുകയും ടെർമിനലിൽ നിന്ന് നിയന്ത്രിത മേഖലകളിലൂടെ അതിന്റെ നീക്കം സുഗമമാക്കാനും സാധിക്കും.














