തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിനും സാംസ്കാരികോത്സവത്തിനും ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ തിരശീല ഉയർന്നു.
നാടകകലാ പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി നാടകോത്സവം ഉത്ഘാടനം നിർവഹിച്ചു. സംസ്‍കാര സാഹിതി സംസ്ഥാന ചെയർമാൻ സി. ആർ. മഹേഷ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ നാടക-സിനിമ അഭിനേത്രി സേതുലക്ഷ്മി മുഖ്യാതിഥിയായിരുന്നു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ പൂഴനാട് ഗോപൻ, ജില്ലാ കൺവീനർ ഒഎസ് ഗിരീഷ്, എഴുത്തുകാരി ഗിരിജ സേതുനാഥ്, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പാളയം അശോക്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശേഷം തിരുവനന്തപുരം അജന്ത തിയേറ്ററിന്റെ നാടകം ‘വംശം’ അവതരിപ്പിച്ചു. ഒക്ടോബർ 23 വ്യാഴാഴ്‌ചയാണ് നാടകോത്സവം സമാപിക്കുന്നത്. ഒക്ടോബർ 22ന് പ്രഥമ സുകുമാർ സ്മാരക പുരസ്കാരം നടൻ ഇന്ദ്രൻസിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും. ഒക്ടോബർ 23ന് സമാപന സമ്മേളനവും പുരസ്കാരരാവും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉത്ഘാടനം ചെയ്യും.
33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്‌ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്‌ക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ മറ്റ് നിരവധി പുരസ്‌കാരങ്ങളും നൽകുന്നു.
















