ചെന്നൈ: പ്രദീപ് രംഗനാഥന്‌റെ റൊമാന്റിക് കോമഡി ‘ഡ്യൂഡ്’ തിയേറ്ററുകളില്‍ സ്വീകാര്യത നേടുന്നതിനൊപ്പം മലയാള നടി മമിത ബൈജുവിനെയും തമിഴ് പ്രേക്ഷകര്‍ നെഞ്ചേറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് യുടെയും സൂര്യയുടേയും നായികയായി അഭിനയിക്കുന്ന മമിത ബൈജുവിനെ സംബന്ധിച്ചിടത്തോളം തമിഴില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിനു ലഭിക്കുന്ന സ്വീകാര്യത കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ സമ്മാനിക്കും.
പ്രേമലുവിലൂടെ മലയാളത്തിന്‌റെ പ്രിയ നായികയായി മാറിയ മമിതയെ മലയാള ചിത്രങ്ങളൊന്നും പിന്നീട് പ്രേക്ഷര്‍ കണ്ടില്ല. രാഷ്‌ട്രീയത്തിലേക്കു ചുവടുവച്ച വിജയ്യുടെ അവസാന ചിത്രത്തിലെ നായിക എന്ന നിലയ്‌ക്കാണ് മമിത പിന്നീട് വാര്‍ത്തയില്‍ ഇടം നേടുന്നത്. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ മമിതയ്‌ക്ക് തമിഴില്‍ ഒട്ടേറെ അവസരങ്ങളാണ് ഒന്നൊന്നായി കാത്തിരിക്കുന്നത്. മമിതയുടെ വിജയ് ചിത്രവും പൂര്‍ത്തിയായി. ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.
















