ന്യൂദല്‍ഹി: മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിലെ യാത്രാത്തീയതി ഓണ്‍ലൈനായി മാറ്റാം. ഇതിനുള്ള സൗകര്യം ജനുവരിയില്‍ നടപ്പാകുമെന്ന് റെയില്‍വേ വ്യക്തമാക്കി. ടിക്കറ്റ് റദ്ദാക്കാതെത്തന്നെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. ഇതോടെ യാത്രാ തീയതി മാറ്റാന്‍ ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന കടമ്പ ഇല്ലാതാകും.
യാത്രാത്തീയതി മാറ്റുമ്പോള്‍ കാന്‍സലേഷന്‍ ചാര്‍ജ് നല്‍കേണ്ട. സീറ്റ് ലഭ്യതയും ടിക്കറ്റ് ചാര്‍ജും പരിഗണിച്ചായിരിക്കും പുതിയ യാത്രാ തീയതി തെരഞ്ഞെടുക്കാനാകുക. ആദ്യം ബുക്ക് ചെയ്ത ടിക്കറ്റിനേക്കാള്‍ കൂടുതലാണ് പുതുതായി ലഭിക്കുന്ന ടിക്കറ്റിന്റെ നിരക്കെങ്കില്‍ കൂടുതലായിവരുന്ന തുക നല്‍കണം. ആദ്യത്തേതിനേക്കാള്‍ കുറവാണെങ്കില്‍ ബാക്കി തുക മടക്കി കിട്ടില്ല.
പതിവ് യാത്രക്കാര്‍ക്കും അവസാന നിമിഷം യാത്ര മാറ്റേണ്ടിവരുന്നവര്‍ക്കുമാണ് പുതിയ സംവിധാനം കൂടുതല്‍ പ്രയോജനം ചെയ്യുക.
















