കോഴിക്കോട്: താമരശേരിയില്‍ നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്. ഇന്‍ഫ്‌ലുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് അച്ഛന്‍ സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.ഈ കേസില്‍ സനൂപ് ജയിലില്‍ കഴിയവെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഒന്‍പത് വയസുകാരി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.പോസ്റ്റ്‌മോര്‍ട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് ശേഖരിച്ച സ്രവത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
എന്നാല്‍ കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.താമരശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കുഞ്ഞിന് നല്‍കിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടര്‍ വിപിനെ വെട്ടിയത്.
















