മുംബൈ: അമേരിക്കൻ തീരുവയുടെ ആഘാതം മറികടന്ന് ഇന്ത്യ മുൻപ് കണക്കാക്കിയിരുന്നതിലും 0.20 ശതമാനം അധികവളർച്ച നേടുമെന്ന് ഐഎംഎഫ് . ഇന്ത്യയുടെ വളർച്ച അനുമാനം ഉയർത്തിയ ഐഎംഎഫ് 2025-’26 സാമ്പത്തികവർഷം രാജ്യം 6.6 ശതമാനം വളർച്ച നേടുമെന്നും പറയുന്നു . നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിലേക്കെത്തുമെന്ന് കഴിഞ്ഞയാഴ്ച ലോകബാങ്കും സൂചിപ്പിച്ചിരുന്നു. നേരത്തേ കണക്കാക്കിയിരുന്ന 6.3 ശതമാനത്തിൽനിന്നാണ് ലോകബാങ്ക് അനുമാനം ഉയർത്തിയത്.
ഏപ്രിൽ-ജൂൺ പാദത്തിൽ അപ്രതീക്ഷിതമായി ഇന്ത്യ 7.8 ശതമാനം വളർച്ച നേടിയിരുന്നു. സ്വകാര്യ ഉപഭോഗം ശക്തമായതാണ് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ടു നയിക്കുന്നത്. ഇതാണ് അനുമാനം ഉയർത്താൻ ഐഎംഎഫിനെ പ്രേരിപ്പിക്കുന്ന ഘടകവും. ഈ സാഹചര്യത്തിൽ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന വളർച്ചയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നും ഐഎംഎഫ് വ്യക്തമാക്കി.
ഇന്ത്യയുടെ ഭേദഗതികളിൽ സംശയങ്ങളേറെയായിരുന്നു. അത് തെറ്റായിരുന്നുവെന്ന് അവർ തെളിയിച്ചു. ചരക്ക്-സേവന നികുതി പരിഷ്കരണവും ഡിജിറ്റൽ പേമെന്റ് രംഗത്തെ വളർച്ചയും അതിനുതെളിവാണ്. ചൈനയിൽ വളർച്ചനിരക്ക് താഴേക്കാണ്. ഇന്ത്യ പ്രധാന വളർച്ചാകേന്ദ്രമായി മാറുകയാണെന്നും ക്രിസ്റ്റലീന കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നടന്നുവരുന്ന സാമ്പത്തിക പരിഷ്കരണനടപടികളെ അഭിനന്ദിച്ച് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. പ്രത്യക്ഷ, പരോക്ഷ നികുതി പരിഷ്കാരങ്ങളും ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന്റെ ത്വരഗതിയിലുള്ള വളർച്ചയും ആധാർ വഴിയുള്ള ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനവും മികവിന്റെ ഉദാഹരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി.
















