കോട്ടയം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വേഷത്തില്‍ ബൈക്കിനു പിന്നിലിരുത്തി ലഹരി വില്‍പന നടത്തിയ ആര്‍പ്പൂക്കര സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരിമാരായ 13ഉം, 9 ഉം വയസ്സുള്ള പെണ്‍കുട്ടികളെ തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്കു മാറ്റി.
13 വയസ്സുള്ള പെണ്‍കുട്ടിയെ ഉപയോഗിച്ചാണ് കോട്ടയത്തും വാഗമണ്ണിലും പ്രതി ലഹരി വില്‍പന നടത്തിയെന്ന് എക്‌സൈസ് പറഞ്ഞു. പ്രതി മുന്‍പ് താമസിച്ച വീടിന്റെ അയല്‍പക്കത്തുള്ളവരാണ് ഈ പെണ്‍കുട്ടികള്‍. ഇവരുടെ വീട്ടിലെ സാമ്പത്തിക സാഹചര്യം മോശമായിരുന്നു. സ്‌കൂളിലേക്ക് പോകാന്‍ ഇറങ്ങുന്ന പെണ്‍കുട്ടിയെ പ്രതി രാവിലെ ബൈക്കില്‍ എത്തി വിളിച്ചുകൊണ്ടുപോവുകയും വൈകിട്ട് സ്‌കൂള്‍ സമയം കഴിയാറാകുമ്പോള്‍ തിരിച്ചെത്തിക്കുകയുമായിരുന്നു.
പല ദിവസങ്ങളിലും പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. ലഹരിവസ്തുക്കള്‍ വില്‍ക്കാന്‍ പോകുമ്പോള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കൂടെ കൂട്ടും. ലഹരിവസ്തുക്കള്‍ സ്‌കൂള്‍ ബാഗില്‍ വയ്‌ക്കും. എക്‌സൈസിന്റെ പരിശോധനകളില്‍നിന്ന് ഇങ്ങനെയാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. ആഴ്ചയില്‍ 200 രൂപ വരെ പ്രതി പെണ്‍കുട്ടിക്കു കൊടുത്തിരുന്നു. പ്രതിയുടെ ആര്‍പ്പൂക്കരയിലെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് 2 കുട്ടികളെയും കണ്ടെത്തിയത്.
പനിയായതിനാല്‍ ആശുപത്രിയില്‍ പോകാനാണു താന്‍ ചേച്ചിക്കൊപ്പം വന്നതെന്ന് ഇളയകുട്ടി എക്‌സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
















