കണ്ണൂർ: ടി. പി വധക്കേസിലെ നാലാം പ്രതി ടി. കെ രജീഷിന് ജില്ലാ ആയൂർവേദ ആശുപത്രിയിൽ ചികിത്സ. ജയിൽ ഡോക്ടറുടെ നിർദേശം അനുസരിച്ചാണ് ചികിത്സ എന്നാണ് വിശദീകരണം. ടി.പി കേസ് പ്രതികൾക്ക് ആയൂർവേദ ചികിത്സ ഒരുക്കിയത് നേരത്തേയും വിവാദമായിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ ജില്ലാ ആയൂർവേദ ആശുപത്രിയിൽ രജീഷ് ചികിത്സയിലാണ്. നടുവേദനയെ തുടർന്നാണ് ഇയാളെ ആയൂർവേദ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. രോഗം എപ്പോൾ ഭേദമാകും അതുവരെ ചികിത്സ തുടരുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
നേരത്തെ കുഞ്ഞനന്തൻ, കെ. സി രാമചന്ദ്രൻ തുടങ്ങിയ പ്രതികൾക്ക് ആയൂർവേദ ചികിത്സ കണ്ണൂരിൽ തന്നെ നടത്തിയിരുന്നു. സുഖ ചികിത്സയായിരുന്നു അന്ന് ഇവർക്ക് നൽകിയിരുന്നത്.
















