കോഴിക്കോട്: മിസൈല്‍ സാങ്കേതിക വിജ്ഞാന രംഗത്ത് ഭാരതം വന്‍ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് ബ്രഹ്‌മോസ് മുന്‍ സിഇഒയും ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറലുമായ ഡോ. സുധീര്‍ കെ. മിശ്ര പറഞ്ഞു. വിജ്ഞാന ഭാരതിയുടെ ഭാഗമായ സ്വദേശി ശാസ്ത്ര പ്രസ്ഥാനവും എന്‍ഐടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ശാസ്ത്ര സാങ്കേതിക ഉത്സവമായ സ്വാശ്രയ ഭാരതിന്റെ ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏത് തരം മിസൈലുകളും നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക വിജ്ഞാനം ഇന്ന് ഭാരതത്തിനുണ്ട്. മിസൈല്‍ രംഗത്ത് ഭാരതം വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രഖ്യാപിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രവചനം പലരും അന്ന് അംഗീകരിച്ചില്ല. എന്നാല്‍ ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ദൗത്യങ്ങളില്‍ തദ്ദേശീയ സാങ്കേതികവിദ്യ പ്രതിരോധ മേഖലയുടെ കരുത്തായി മാറി. ബ്രഹ്‌മോസിന്റെ പ്രഹരശേഷി എത്രയുണ്ടെന്ന് ലോകത്തോട് പറഞ്ഞത് പാക് പ്രധാനമന്ത്രിയാണ്. ബ്രഹ്‌മോസിന്റെ ആഗോള അംബാസഡറായി മാറിയത് പാക് പ്രധാനമന്തിയാണ്, അദ്ദേഹം പറഞ്ഞു.
വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) ഡയറക്ടര്‍ ഡോ. എ. രാജരാജന്‍ മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് ശാസ്ത്ര സാങ്കേതിക രംഗത്തെ സ്വാശ്രയത്വം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ പി.എ. വിവേകാനന്ദ പൈ ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ഐഐഎസ്ടി) പ്രൊഫ. ഡോ. ബി.എസ്. മനോജിനെ ആദരിച്ചു. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. പി. രവീന്ദ്രന്‍, എന്‍ഐടി പ്രൊഫ. ഡോ. ജി. ഉണ്ണികൃഷ്ണന്‍, സ്വദേശി സയന്‍സ് മൂവ്‌മെന്റ് സെക്രട്ടറി രാജീവ് സി. നായര്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിജ്ഞാന മേള, ശാസ്ത്ര ചലച്ചിത്രോത്സവം, പ്രമുഖ ശാസ്ത്രജ്ഞരുമായി സംവാദം, ശാസ്ത്ര അധ്യാപകര്‍ക്കായുള്ള ശില്പശാലകള്‍ തുടങ്ങി വിവിധ പരിപാടികള്‍ മൂന്നു ദിവസങ്ങളിലായി നടക്കും. മേള 17ന് സമാപിക്കും.














