തപാല്‍ വകുപ്പിന്റെ പ്രത്യേക പിന്‍കോഡ് ലഭിച്ച ഭാരതത്തിലെ ഏക ക്ഷേത്രമാണ് ശബരിമല. ശ്രീ ശബരിമല അയ്യപ്പന്റെ പിന്‍കോഡ് 689713 ആണ്. സന്നിധാനത്തേക്ക് നേരിട്ടെത്താന്‍ കഴിയാത്ത ഭക്തര്‍ കത്തിലൂടെ തങ്ങളുടെ ആഗ്രഹസാഫല്യത്തിന് അയ്യപ്പനോട് അപേക്ഷിക്കാറുണ്ട്. അതില്‍ ചിലതെല്ലാം സഫലമാകാറുമുണ്ട്.
പ്രശസ്ത കവി പി.ഐ. ശങ്കരനാരായണന്‍ കഴിഞ്ഞ നവംബര്‍ എട്ടിന് അയ്യപ്പനു മുന്നില്‍ ഒരു കാവ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ശ്രീ ശബരിമല അയ്യപ്പന്‍, പിന്‍-689713 എന്ന വിലാസത്തില്‍ 50 പൈസയുടെ പോസ്റ്റ് കാര്‍ഡില്‍ ആയിരുന്നു ശങ്കരനാരായണന്റെ കാവ്യാപേക്ഷ. എന്തായാലും വര്‍ഷം ഒന്നു തികയും മുമ്പ് തന്റെ കാവ്യാപേക്ഷ അയ്യപ്പന്‍ കൈക്കൊണ്ട് സാഫല്യത്തില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് കവി ഇപ്പോള്‍.
ധര്‍മ്മശാസ്താവേ! എന്ന ആ കാവ്യാര്‍ച്ചന ഇങ്ങനെ:
ധര്‍മ്മശാസ്താവേ!
ധര്‍മ്മമിന്നു നിരാലംബം
നെഞ്ചെരിഞ്ഞു വിളിക്കയായ്;
ധര്‍മ്മ സംസ്ഥാപനത്തിനായ്
സംഭവിച്ചാലുമീശ്വരാ !
ദുഷ്ടവര്‍ഗ്ഗം പുളയ്‌ക്കുന്നു,
കഷ്ടമേല്‍ക്കുന്നു സജ്ജനം
ശിഷ്ടരക്ഷയ്‌ക്കുണര്‍ന്നാലും
ധര്‍മ്മരക്ഷകദൈവമേ !
അവിടേയ്‌ക്കുള്ള മാര്‍ഗത്തില്‍
വിഘ്‌നം തീര്‍ക്കുന്നു രാക്ഷസര്‍;
ഭക്തര്‍ക്കു തുണയായ് നിന്റെ
തത്ത്വശക്തി ജ്വലിക്കണേ !
ഈ കാവ്യനിവേദനം അയ്യപ്പന്റെ മുന്നില്‍ നൈവേദ്യമായി വെച്ച് വര്‍ഷം ഒന്നു തികയുന്നതിനു മുമ്പേ ധര്‍മ്മരക്ഷകനായ അയ്യപ്പന്റെ തത്ത്വശക്തി ജ്വലിച്ചു. അമ്പലം വിഴുങ്ങികളും സ്വര്‍ണ്ണപ്പാളിക്കള്ളന്മാരും ആചാരലംഘനത്തിന് ഒത്താശ ചെയ്ത ഓഫീസര്‍മാരുമെല്ലാം ആ തത്ത്വശക്തി ജ്വലനത്തിന്റെ ഭയപ്പാടിലാണ്. എത്ര പൂശിയാലും ഒടുവില്‍ ചെമ്പു തെളിയും. ഉപ്പു തിന്നവര്‍ വെള്ളംകുടിക്കുകയും ചെയ്യും.
കവിയുടെ വാക്കുകള്‍
”എന്റെ അപേക്ഷാകാര്‍ഡ് ഭഗവാന്‍ സ്വീകരിച്ചു എന്നും നടപടികള്‍ ആരംഭിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളിലൂടെ കാണുന്നതില്‍ സന്തോഷമുണ്ട്. ഭക്തര്‍ക്കു നീതിയും ആശ്വാസവും ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. ദൈവം കേവലം വിശ്വാസമല്ല; നിത്യസത്യമാണ് എന്ന കാര്യം അറിവില്ലാത്തവര്‍ ഇങ്ങനെയും അറിയട്ടെ.
ധര്‍മ്മം ജയിക്കട്ടെ.”
പി.ഐ. ശങ്കരനാരായണന്‍
















