കൊട്ടാരക്കര: കഴിഞ്ഞ ദിവസം ആനക്കോട്ടൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ അര്‍ച്ചനയുടെ മൂന്ന് കുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.
ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറുടെ ഇടപെടലില്‍ ആണ് ഐശ്വര്യ (13), ആദിത്യന്‍ (10), അനുശ്രീ (8) എന്നിവരെ ശിശുക്ഷേമ സമിതി കൊല്ലം ചെയര്‍മാന്‍ സനല്‍ വെള്ളിമണിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തത്. ധനമന്ത്രി കുട്ടികളെ സന്ദര്‍ശിച്ച ശേഷം ഏറ്റെടുക്കല്‍ സംബന്ധിച്ച രേഖകള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍. രഞ്ജിനിക്ക് കൈമാറി. കുട്ടികള്‍ക്ക് 21 വയസ് ആകുന്നവരെ വിദ്യാഭ്യാസവും കലാ കായിക പരിശീലനം ഉള്‍പ്പടെ നല്‍കി സംരക്ഷിക്കുമെന്ന് സമിതി അറിയിച്ചു. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, ട്രഷറര്‍ എന്‍. അജിത് പ്രസാദ്, എക്‌സി. അംഗം കറവൂര്‍ എല്‍. വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
















