ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. തൃശൂർ ജില്ലാ കളക്ടറേറ്റിന്റെ മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ അണക്കെട്ടിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.
വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. തൃശൂരിലെ ജില്ലാ കോടതിയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വെച്ച് തകര്‍ക്കുമെന്ന തരത്തിൽ ഇന്നലെ രാത്രി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഇ-മെയിൽ ഭീഷണി ജില്ലാ കോടതിയി നിന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു. തൃശൂര്‍ കളക്ടര്‍ ഇന്നലെ രാത്രി തന്നെ ഇതുസംബന്ധിച്ച വിവരം ഇടുക്കി കളക്ടര്‍ക്ക് നൽകുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി കളക്ടര്‍ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചു. ആവശ്യമായ പരിശോധന നടത്താൻ നിര്‍ദേശം നൽകുകയായിരുന്നു.
130 വർഷം പഴക്കമുള്ള അണക്കെട്ട് തകരാൻ സാധ്യതയുണ്ടെന്നും മറ്റൊരു അണക്കെട്ട നിർമിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും എൻഡിഎംഎ യ്‌ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അതേ ദിവസം തന്നെയാണ് ഡാമിന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നതും. 1895 ൽ നിർമിച്ച അണക്കെട്ട് കേരളത്തിലാണെങ്കിലും തമിഴ്നാടിനാണ് ഉടമസ്ഥാവകാശം.
















