തിരുവനന്തപുരം: പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന് രേഖകളിലുള്ളത് 92 സെന്റ്. ഇപ്പോഴുള്ളത് 9 സെൻ്റ്. വിശ്വാസികള്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണത്തിനും ചടങ്ങുകള്‍ക്കും ആവശ്യത്തിന് സ്ഥലമില്ല. ഹിന്ദുവിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച് ക്ഷേത്രത്തോട് ചേര്‍ന്നുകിടന്ന 83 സെന്റ് ഭൂമി കയ്യൂക്കുള്ളവര്‍ കയ്യേറി. കണ്ണടച്ച് ദേവസ്വംബോര്‍ഡും സര്‍ക്കാരും. നഷ്ടമായ വസ്തു കണ്ടെടുക്കണമെന്ന ഭക്തരുടെ ആവശ്യത്തോട് മുഖം തിരിക്കുന്നു. കയ്യേറിയ വസ്തു ഇഷ്ടക്കാര്‍ക്ക് അധികൃതര്‍ പതിച്ചുനല്‍കി. റോഡുവികസനത്തിന് പോയതൊഴികെ ബാക്കി കയ്യടക്കിവച്ചിരിക്കുന്നത് മറ്റുമതസ്ഥര്‍. ഭൂമി അളന്നു തിട്ടപ്പെടുത്താനോ നഷ്ടമായത് കണ്ടെടുക്കാനോ നാളിതുവരെ നടപടിയില്ല. ക്ഷേത്രം അവഗണനയുടെ പടുകുഴിയില്‍. ജനം ടിവി ചെയര്‍മാനും വ്യവസായ പ്രമുഖനുമായ ചെങ്കല്‍ രാജശേഖരന്‍ നായര്‍ അടുത്തകാലത്ത് ഗോപുരം പുനര്‍നിര്‍മിച്ചതുമാത്രമാണ് അല്പമെങ്കിലും ആശ്വാസം.
തലയുയര്‍ത്തി നില്‍ക്കുന്ന മറ്റ് ആരാധനാലയങ്ങള്‍ക്ക് ചോട്ടില്‍ മുസ്ലീം പള്ളിയുടെ മതിലിനോട് ഞെരുങ്ങി ഇത്തിരിപ്പോന്ന സ്ഥലത്ത് വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ് ക്ഷേത്രത്തിന്റെ നിലനില്‍പ്പ്. ക്ഷേത്രത്തോടുള്ള അവഗണന മാറ്റുന്നതിനും ക്ഷേത്രം പുനര്‍നിര്‍മിക്കാനുമായി സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ വലിയൊരു മുന്നേറ്റം നടന്നുവെങ്കിലും ഇഷ്ടക്കാരുടെ സ്വത്ത് നഷ്ടമാകുമെന്ന പരിഭ്രാന്തിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ദേവസ്വം ബോര്‍ഡ് തടയിടുകയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ട വര്‍മ്മയുടെ കാലശേഷം കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോള്‍ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് തലസ്ഥാനം മാറ്റി. അക്കാലത്ത് ട്രാവന്‍കൂര്‍ നായര്‍ ബ്രിഗേഡിയറില്‍പ്പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങള്‍ ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാന്‍ വിഗ്രഹവും കൂടെ കൊണ്ടു വന്നു. അതിലൊന്നാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തില്‍ ഉള്ള വിഗ്രഹം. പഴവങ്ങാടി ക്ഷേത്രം ഇപ്പോഴും പാങ്ങോട് പട്ടാളക്യാമ്പിന്റെ ഉടമസ്ഥയിലും സംരക്ഷണത്തിലുമാണ്. രണ്ടാമത്തേത് അന്ന് പട്ടാളക്കാര്‍ തമ്പടിച്ചിരുന്ന പാളയത്തും പ്രതിഷ്ഠിച്ചു.
അതാണഇപ്പോഴത്തെ ശ്രീശക്തി വിനായക ക്ഷേത്രം. ഇത് ദേവസ്വംബോര്‍ഡിന്റെ കൈവശം വന്നുചേര്‍ന്നതിനുശേഷമാണ് ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെട്ടത്.
ഹനുമാന്‍ വിഗ്രഹം ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ അടുത്താണ് പ്രതിഷ്ഠിച്ചത്. അതാണ് ഒടിസി(ഓഫീസേഴ്‌സ് ട്രെയിംഗ് ക്യാമ്പ്) ഹനുമാന്‍ ക്ഷേത്രം. 1814 ല്‍ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് പാളയത്ത് ഒരു മുസ്ലീം പള്ളി ഉയരുന്നത്. പട്ടാള പള്ളി എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് തൊട്ടടുത്ത് തന്നെ ഒരു ക്രിസ്ത്യന്‍ പള്ളി പണിതത്. അതാണ് ഇന്ന് കാണുന്ന സെന്റ് ജോസഫ്‌സ് പള്ളി. തുടക്കത്തില്‍ ഇതെല്ലാം ചെറിയ ആരാധനാലയങ്ങളായിരുന്നെങ്കിലും പില്‍ക്കാലത്ത് ക്രിസ്ത്യന്‍പള്ളിയും ജുമാമസ്ജിദും ഭരണസമിതികള്‍ പുതിക്കിപ്പണിത് വലുപ്പം കൂട്ടിയപ്പോള്‍ ഹിന്ദുക്ഷേത്രം ഭരിച്ചിരുന്ന ദേവസ്വംബോര്‍ഡാകട്ടെ ക്ഷേത്രത്തിന്റെ നാശത്തിന് ചരടുവലിക്കുകയായിരുന്നു.
















