ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഞായറാഴ്ച സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് ഒരു പ്രധാന പ്രസ്താവന നടത്തി. അസമിലെ ഹിന്ദുക്കളുടെ എണ്ണം ഇപ്പോൾ മൊത്തം ജനസംഖ്യയുടെ ഏകദേശം 40 ശതമാനമാണെന്നും ഇത് മുസ്ലീം ജനസംഖ്യയ്‌ക്ക് ഏതാണ്ട് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാപരമായ മാറ്റത്തിന്റെ ഒരു പ്രധാന ഇരയാണ് അസം എന്ന് ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 2021 ലെ കണക്കുകൾ പ്രകാരം മുസ്ലീം ജനസംഖ്യ 38 ശതമാനം കവിഞ്ഞിട്ടുണ്ടെന്നും നിലവിൽ സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 39.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കുകൾ 2011 ലെ സെൻസസ് കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രിസ്ത്യൻ ജനസംഖ്യ ഏകദേശം 6-7 ശതമാനമാണെന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നുമുള്ള ആളുകളെ ഒഴിവാക്കിയാൽ ഇന്ന് അസമിലെ ഹിന്ദു ജനസംഖ്യ 40 ശതമാനത്തിൽ കവിയുന്നില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കൂടാതെ ഈ ദ്രുതഗതിയിലുള്ള മാറ്റത്തിന് ഹിമാന്ത ബിശ്വ ശർമ്മ നുഴഞ്ഞുകയറ്റത്തെ കുറ്റപ്പെടുത്തി. വൈഷ്ണവ സംസ്കാരത്തിന്റെ കേന്ദ്രവും ലോകത്തിലെ ഏറ്റവും വലിയ ജനവാസമുള്ള നദീദ്വീപുമായ മജുലി പോലുള്ള ജില്ലകളിൽ മുസ്ലീം ജനസംഖ്യയിൽ 100 ശതമാനം വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. ഈ വർദ്ധനവിന് കാരണം പ്രാദേശിക മുസ്ലീങ്ങളുടെ സ്വാഭാവിക വർദ്ധനവല്ല, മറിച്ച് അനധികൃത നുഴഞ്ഞുകയറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ ആശങ്കാജനകമായ സാഹചര്യം പരിഹരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ശർമ്മ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനസംഖ്യാ ദൗത്യത്തെ ഒരു പ്രധാന നടപടിയായി വിശേഷിപ്പിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യ നിർണായക ചുവടുവയ്‌പ്പാണ് ഈ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം അനധികൃത നുഴഞ്ഞുകയറ്റവും പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാനത്ത് രാഷ്‌ട്രീയവും സാമൂഹികവുമായ ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
















