കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊല്ലം കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗവും ആറ്റിങ്ങൽ സ്വദേശിയുമായ സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്.
സംഭവം ഇന്ന് പുലർച്ചെയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണതാണ് അപകടത്തിന് കാരണമായത്. മരിച്ച അർച്ചന മൂന്ന് കുട്ടികളുടെ അമ്മയാണ്. കിണറിന് ഏകദേശം 80 അടി താഴ്ചയുണ്ടായിരുന്നു.
പുലർച്ചെ 12.15ഓടെയാണ് ഫയർഫോഴ്സിന് അപകട വിവരം ലഭിച്ചത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ കാത്തുനിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ വീണതായാണ് അവർ അറിയിച്ചത്. തുടർന്ന് സംഘം വീട്ടിലേക്ക് പോയി രക്ഷാപ്രവർത്തനം ആരംഭിച്ചു.
സോണി എസ്. കുമാർ രക്ഷാപ്രവർത്തനത്തിന് റോപ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി കിണറിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് കിണറിന്റെ കൈവരി ഇടിഞ്ഞ് അപകടം സംഭവിച്ചത്.
അപകട സമയത്ത് കിണറ്റിന്റെ അരികിൽ നിൽക്കുന്നുണ്ടായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. നാട്ടുകാർ പറയുന്നതനുസരിച്ച് ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവർ തമ്മിലുള്ള തർക്കമാണ് അർച്ചന കിണറ്റിലേക്ക് ചാടാൻ കാരണമായതെന്നാണു പ്രാഥമിക നിഗമനം. അപകടസമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നും വിവരം.
ശിവകൃഷ്ണൻ കൈവരിയിൽ ചാരിയപ്പോൾ അത് പെട്ടെന്ന് ഇടിഞ്ഞുവീണതായും രക്ഷാപ്രവർത്തനത്തിനൊപ്പമുണ്ടായിരുന്ന ഫയർഫോഴ്സ് ഓഫീസർ പറഞ്ഞു. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണമായത് എന്നതും ഫയർഫോഴ്സ് അറിയിച്ചു.
















