കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ദുർഗാപുരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പശ്ചിമ ബംഗാൾ പോലീസ് നിർണായക വഴിത്തിരിവ് കൈവരിച്ചു. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മൊബൈൽ നെറ്റ്‌വർക്ക് ഡാറ്റ വഴി പോലീസ് അവരെ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. കുറ്റകൃത്യം നടന്ന വനത്തിൽ രാത്രി മുഴുവൻ പോലീസ് സംഘങ്ങൾ തിരച്ചിൽ നടത്തിയിരുന്നു.
അതേ സമയം അറസ്റ്റിലായ മൂന്ന് പ്രതികളുടെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മാത്രമാണ് പോലീസ് പറഞ്ഞത്. അവരെ ചോദ്യം ചെയ്തുവരികയാണ്. ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമാണ്, കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ഒഡീഷയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനിയെ ദുർഗാപുരിൽ അജ്ഞാതർ ബലാത്സംഗം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ദുർഗാപുരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിന്റെ കാമ്പസിന് പുറത്ത് രണ്ടാം വർഷ വിദ്യാർത്ഥിനി ഒരു സുഹൃത്തിനൊപ്പം അത്താഴത്തിന് പോയപ്പോഴാണ് സംഭവം. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇര പോലീസിന് വ്യക്തമായ മൊഴി നൽകിയിട്ടുണ്ട്.
അതേ സമയം സംഭവം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള രാഷ്‌ട്രീയ വാഗ്വാദത്തിന് കാരണമായി. സംഭവത്തിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ആശങ്ക പ്രകടിപ്പിക്കുകയും കുറ്റവാളികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെടുകയും ചെയ്തു.
















