കൊച്ചി: സമഗ്ര സംഭാവനയ്‌ക്കുള്ള ലീലാമേനോൻ മാധ്യമ പുരസ്കാരം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറത്തിന്.
അച്ചടി മാധ്യമത്തിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ഫീച്ചറിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് ഇടുക്കി ജില്ലയിലെ മലമുകളിലുള്ള ഇടമലക്കുടിയിലെ വനവാസികളുടെ ജീവിതക്ലേശങ്ങളും, അവിടെ സർക്കാർ ആഭിമുഖ്യത്തിലുള്ള സേവന ജോലികൾക്ക് ചെല്ലുന്ന സ്ത്രീകൾ നേരിടുന്ന അവിശ്വസനീയമായ കഷ്ടപ്പാടുകളും വിവരിച്ച ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ. സാം ബെന്നിനാണ്.
അച്ചടി മാധ്യമ ഫോട്ടോഗ്രാഫിയിൽ ജന്മഭൂമി സീനിയർ ഫോട്ടോഗ്രാഫർ ആർ. ജയറാമിനാണ് അവാർഡ്. ഫെഡറേഷൻ കപ്പിൽ തന്റെ അത്ലറ്റിക് അവാർഡ് ഭേദിച്ച ഷൈലി സിംഗിനെ അഞ്ജു ബേബി ജോർജ് അനുമോദിക്കുന്ന ചിത്രത്തിനും തിരുനെട്ടൂർ മഹാദേവക്ഷേത്രത്തിലെ വെന്ത ചോറ് കൊണ്ടുള്ള പ്രസിദ്ധമായ വാവുബലിയുടെ ചിത്രത്തിനുമാണ് പുരസ്കാരം.
ദൃശ്യമാധ്യമത്തിലെ മികച്ച ഫീച്ചറിനുള്ള പുരസ്കാരം കൊച്ചി നഗരത്തിലെ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മ സേനക്കാരുടെയും മറ്റു ശുചീകരണ തൊഴിലാളികളുടെയും കഷ്ടപ്പാടുകൾ വിവരിച്ച മാതൃഭൂമി കൊച്ചി സീനിയർ റിപ്പോർട്ടർ റിയ ബേബിക്കാണ്. ടിവി മാധ്യമത്തിലെ മികച്ച വീഡിയോഗ്രാഫിക്കുള്ള പുരസ്കാരം മനോരമ ചാനലിലെ ചീഫ് ക്യാമറാമാൻ രമേശ് മണിക്കാണ്. കൊച്ചിയിലെ മെട്രോ റെയിൽവേക്കു കീഴിൽ വളർത്തിയിരിക്കുന്ന ബോഗെയ്ൻ വില്ല ചെടികൾ റോഡിലേക്ക് വളർന്നു ഇരുചക്രവാഹന യാത്രികരെയടക്കം കുത്തി മുറിവേൽപ്പിക്കുന്ന ദൃശ്യങ്ങൾക്കാണ് പുരസ്കാരം.
സാമൂഹ്യ മാധ്യമ ന്യൂസ് പുരസ്കാരം എബിസി മലയാളം ചീഫ് എഡിറ്റർ വടയാർ സുനിലിനാണ്.
കെ.കെ. മധുസൂദനൻ നായർ, കെ.ആർ. ജ്യോതിർഘോഷ്, പി. വേണുഗോപാൽ, പി. സുജാതൻ, ടി.സതീശൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. പുരസ്കാരങ്ങൾ നവംബർ മൂന്നിന് ഉച്ചയ്‌ക്ക് 12 മണിക്ക് അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ വച്ച് സമ്മാനിക്കും.















