ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച.
കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും പ്രതികരണം അനുഭാവത്തോടെയായിരുന്നുന്നെന്നും കൂടിക്കാഴ്ചയ്‌ക്കു ശേഷം കേരള ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 2221.03 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു.
കടമെടുപ്പുപരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഐജിഎസ്ടി റിക്കവറി തിരികെ നല്കല്‍, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന, കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനുള്ള അനുമതി, സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്ഥാപിക്കല്‍, നെല്ലുസംഭരണ സബ്സിഡി ഉടന്‍ അനുവദിക്കുന്നത് എന്നിങ്ങനെയുള്ള വിഷയങ്ങളും ചര്‍ച്ചയായി.
പ്രശസ്തമായ ഭൈരവന്‍ തെയ്യ ശില്പം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമ്മാനിച്ചു. ഭൈരവന്‍ തെയ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
















